ജോ ബൈഡന്റെ സൗദി അറേബ്യ- ഇസ്രഈല്‍ സന്ദര്‍ശനം ജൂലൈയില്‍; ഫലസ്തീനിയന്‍ അതോറിറ്റിയുമായും കൂടിക്കാഴ്ച നടത്താന്‍ സാധ്യത
World News
ജോ ബൈഡന്റെ സൗദി അറേബ്യ- ഇസ്രഈല്‍ സന്ദര്‍ശനം ജൂലൈയില്‍; ഫലസ്തീനിയന്‍ അതോറിറ്റിയുമായും കൂടിക്കാഴ്ച നടത്താന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th June 2022, 6:14 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജൂലൈയില്‍ സൗദി അറേബ്യയും ഇസ്രഈലും സന്ദര്‍ശിക്കും. യു.എസ് ഒഫീഷ്യല്‍സ് സംഭവം സ്ഥിരീകരിച്ചതായി ദ അറബ് വീക്ക്‌ലി റിപ്പോര്‍ട്ട് ചെയ്തു.

ബൈഡന്റെ സന്ദര്‍ശന വിഷയത്തില്‍ വൈറ്റ്ഹൗസിന്റെ ഭാഗത്ത് നിന്നും ഈയാഴ്ച തന്നെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജൂലൈ മധ്യത്തോടെയായാരിക്കും ബൈഡന്‍ ഇസ്രഈലും സൗദിയും സന്ദര്‍ശിക്കുക.

ഇസ്രഈല്‍ സന്ദര്‍ശനത്തിനൊപ്പം ഫലസ്തീനിയന്‍ അതോറിറ്റിയുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. സൗദി സന്ദര്‍ശനത്തിന് മുമ്പായി ജൂലൈ 14, 15 തീയതികളിലായി ബൈഡന്‍ ഫലസ്തീനിയന്‍ അതോറിറ്റി സന്ദര്‍ശിക്കാനാണ് സാധ്യത.

സൗദി സന്ദര്‍ശനത്തിനൊപ്പം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതോടൊപ്പം ജി.സി.സി, ജോര്‍ദാനിയന്‍, ഈജിപ്ഷ്യന്‍ നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തിയേക്കും.

നേരത്തെ ജൂണ്‍ അവസാനവാരം ബൈഡന്‍ സൗദി സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.

അതേസമയം ബൈഡന്റെ സൗദി സന്ദര്‍ശനത്തെ വിമര്‍ശിച്ചും പ്രതിഷേധിച്ചും നിരവധി പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവും അതില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുള്ള പങ്കും ചൂണ്ടിക്കാണിച്ചാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ബൈഡന്റെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സന്ദര്‍ശനത്തിനെതിരെ യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ബൈഡന്‍ സൗദി സന്ദര്‍ശിക്കുകയോ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്നും സൗദി മണ്ണില്‍ നിന്നും ബൈഡന്‍ അകലം പാലിക്കണമെന്നുമായിരുന്നു ഡെമോക്രാറ്റിക് ലോ മേക്കര്‍ ആദം ഷിഫ് പറഞ്ഞത്.

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പോളിസികളില്‍ സൗദി അറേബ്യ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വരെ എം.ബി.എസുമായി ഒരു ഇടപാടുകള്‍ക്കും താല്‍പര്യമില്ലെന്നും ആദം ഷിഫ് പ്രതികരിച്ചിരുന്നു.

Content Highlight: US president Joe Biden is expected to visit Saudi Arabia and Israel in July