ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിയോഗി കോണ്‍ഗ്രസ്, കേന്ദ്ര ഏജന്‍സികളുടെ വിരോധവും കോണ്‍ഗ്രസിനോട്: ഷാഫി പറമ്പില്‍
Kerala News
ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിയോഗി കോണ്‍ഗ്രസ്, കേന്ദ്ര ഏജന്‍സികളുടെ വിരോധവും കോണ്‍ഗ്രസിനോട്: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th June 2022, 6:12 pm

കോഴിക്കോട്: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി എം.പി ദല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.

ബി.ജെ.പിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും വിരോധം കോണ്‍ഗ്രസിനോടാണെന്നും ബാക്കി പലരും ഭായ്-ഭായ് ആണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധി ഹാജരാകവേ പ്രതിഷേധിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ രണ്‍ദീപ് സിങ് സുര്‍ജേവാല, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പങ്കുവെച്ചായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

‘ബി.ജെ.പിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും വിരോധം കോണ്‍ഗ്രസിനോടെയുള്ളു. ബാക്കി പലരും ഭായ്-ഭായ്.
ബി.ജെ.പിയുടെ യഥാര്‍ത്ഥ രാഷ്ട്രീയ പ്രതിയോഗി കോണ്‍ഗ്രസണ്. സംഘ്പരിവാര്‍ ആശയങ്ങള്‍ വേട്ടയാടി തകര്‍ക്കാനാഗ്രഹിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയാണ്. അതിന്റെ മുന്നില്‍ മുട്ടുമടക്കില്ല,’ ഷാഫി പറമ്പില്‍ എഴുതി.

പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. ഇതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് എ.ഐ.സി.സി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. പ്രദേശത്ത് രാവിലെ മുതല്‍ ദല്‍ഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

നേരത്തെ തന്നെ കോണ്‍ഗ്രസ് റാലിയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ വിലക്ക് ലംഘിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. ഇതിനിടെ രാഹുലിനൊപ്പം അഭിഭാഷകരുടെ സംഘത്തെ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ തര്‍ക്കം രൂക്ഷമായിരുന്നു.

പിന്നാലെയാണ് രണ്‍ദീപ് സിങ് സുര്‍ജേവാല, വി.കെ. ശ്രീകണ്ഠന്‍, ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധം കനത്തതോടെ രാഹുലിനൊപ്പം ഒരു അഭിഭാഷകനെ അനുവദിച്ചിരുന്നു. ചോദ്യംചെയ്യല്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

CONTENT HIGHLIGHTS:  Shafi Parampil says BJP and central agencies are hostile to Congress