2025ല്‍ ഇതുവരെ യു.എസ് റദ്ദാക്കിയത് 85000 വിസകള്‍; കൂടുതലും വിദ്യാര്‍ത്ഥി വിസകള്‍
World
2025ല്‍ ഇതുവരെ യു.എസ് റദ്ദാക്കിയത് 85000 വിസകള്‍; കൂടുതലും വിദ്യാര്‍ത്ഥി വിസകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2025, 3:34 pm

വാഷിങ്ടണ്‍: 2025ല്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കുറഞ്ഞത് 85,000 വിസകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ വിസകള്‍ വ്യാപകമായി റദ്ദാക്കി തുടങ്ങിയെന്നാണ് വിവരം.

മദ്യപിച്ചോ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ വാഹനമോടിക്കുക, മോഷണം, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വിസയാണ് കൂടുതലായും റദ്ദാക്കിയിരിക്കുന്നത്.

ചാര്‍ലി കിര്‍ക്കിന്റെ മരണം ആഘോഷിച്ചതായി ആരോപിക്കപ്പെടുന്നവരുടെയും വിസ റദ്ദാക്കപ്പെട്ടിട്ടുണ്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2025ല്‍ റദ്ദാക്കിയ വിസകളുടെ എണ്ണം മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന് കീഴില്‍ റദ്ദാക്കപ്പെട്ടതിനേക്കാള്‍ ഇരട്ടിയിലധികമാണ്. ഇതില്‍ 10 ശതമാനവും വിദ്യാര്‍ത്ഥികളുടെ വിസകളാണ്. 8000ത്തിലധികം വിദ്യാര്‍ത്ഥികളുടെ വിസയാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ടത്.

ഓഗസ്റ്റില്‍ മാത്രമായി യു.എസ് റദ്ദാക്കിയത് 6,000 വിസകളാണ്. റദ്ദാക്കിയ വിസകളില്‍ മൂന്നില്‍ രണ്ട് ഭാഗവും വിദ്യാര്‍ത്ഥികളുടെ വിസയാണ്. യു.എസ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. പലര്‍ക്കുമെതിരെ തീവ്രവാദത്തെ പിന്തുണക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ വിസ റദ്ദാക്കപ്പെട്ട വിദേശ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കുടിയേറ്റവുമായി ബന്ധപ്പെട്ടതായിരുന്നു.

‘അന്യഗ്രഹ വിദ്യാര്‍ത്ഥികള്‍’ എന്നാണ് വിദേശ വിദ്യാര്‍ത്ഥികളെ ട്രംപ് അന്ന് വിശേഷിപ്പിച്ചത്. അന്യഗ്രഹ ജീവികളെ സെമിറ്റിക് വിരുദ്ധരായി കാണുന്നുവെന്നും ആവശ്യമെങ്കില്‍ അന്യഗ്രഹ ജീവികളെ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വിദ്യാര്‍ത്ഥികള്‍ നാടുകടത്തിലിനും ഇരയായിരുന്നു. രഞ്ജിനി ശ്രീനിവാസന്‍, റുമൈസ ഓസ്ടര്‍ക്ക്, മഹ്‌മൂദ് ഖലീല്‍ എന്നിവരാണ് നാടുകടത്തല്‍ നടപടിക്ക് വിധേയരായത്.

Content Highlight: US has canceled 85,000 visas so far in 2025; mostly student visas