ഇറാന് മുകളിലൂടെ പറന്ന യു.എസ് എഫ്-15 യുദ്ധ വിമാനം വെടിവെച്ചിട്ടു; സ്ഥിരീകരിച്ച് യു.എസ്
Iran US Conflict
ഇറാന് മുകളിലൂടെ പറന്ന യു.എസ് എഫ്-15 യുദ്ധ വിമാനം വെടിവെച്ചിട്ടു; സ്ഥിരീകരിച്ച് യു.എസ്
അനിത സി
Friday, 3rd April 2026, 9:11 pm

വാഷിങ്ടണ്‍: ഇറാന് മുകളിലൂടെ പറന്ന യു.എസിന്റെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടുവെന്ന ഇറാനിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് യു.എസ്. വെടിവെച്ചിട്ട വിമാനത്തിലെ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

യു.എസ് സേന തെരച്ചില്‍ ആരംഭിച്ചതായി അടുത്തവൃത്തങ്ങള്‍ അറിയിച്ചെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോയില്‍ സാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും സ്ഥലം ജിയോലൊക്കേറ്റ് ചെയ്തതായും സൂചനയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കാണാതായ ഏതെങ്കിലും യുദ്ധ വിമാനത്തിലെ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമം ലക്ഷ്യം കണ്ടിട്ടില്ലെന്നും ശത്രു പൈലറ്റിനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സര്‍ക്കാരിന്റെ തസ്‌നിം വാര്‍ത്ത ഏജന്‍സി അറിയിച്ചു.

ഇറാനില്‍ എവിടെയാണ് ജെറ്റ് തകര്‍ന്നുവീണതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിലവിലെ സാഹചര്യത്തെ കുറിച്ചോ പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ചോ യു.എസ് സൈന്യമോ വൈറ്റ് ഹൗസോ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, മധ്യ ഇറാനിലെ ഖുസെസ്ഥാന്‍ പ്രവിശ്യയ്ക്ക് മുകളിലൂടെ താഴ്ന്നു പറക്കുന്ന ഒന്നിലധികം സൈനിക വിമാനങ്ങളുടെ വീഡിയോ സി.എന്‍.എന്‍ പുറത്തുവിട്ടിരുന്നു.

വെള്ളിയാഴ്ച ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ ഒരു യു.എസ് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് വിശേഷിപ്പിച്ച് ചില ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു. അതില്‍ ഒരു എഫ്-15 യുദ്ധ വിമാനത്തിന്റെതെന്ന് വിശദമാക്കുന്ന ചെറിയ ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു.

‘യുഎസ് എയര്‍ഫോഴ്സ് ഇന്‍ യൂറോപ്പ്’ എന്ന ലോഗോയും ടെയില്‍ ഫിനിന്റെ മുകളില്‍ നിന്ന് ചുവപ്പും വെള്ളയും നിറത്തിലുള്ള വരകളും ഫോട്ടോയില് വ്യക്തമായിരുന്നു.

അടിസ്ഥാനപരമായി ഇറാനെതിരായി യുദ്ധം വിജയിച്ചുവെന്നും ഇറാന്‍ സൈന്യത്തെയും നേതൃനിരയെയും തകര്‍ത്തുവെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്നതും ശ്രദ്ധേയമാണ്.

‘യു.എസ് ഇതില്‍ വിജയിച്ചു, കാരണം ഈ യുദ്ധം വിജയിച്ചു, അത് തുടരാന്‍ ഇഷ്ടപ്പെടുന്ന ഒരേയൊരു കാര്യം വ്യാജ വാര്‍ത്തകളാണ്. ടെഹ്റാനും അവരുടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നുണ്ട്. അവര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല,’ എന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

അതേസമയം, ഫെബ്രുവരി 28ന് ഇറാനെതിരെ ആരംഭിച്ച യു.എസ്- ഇസ്രഈല്‍ സംയുക്താക്രമണത്തിനിടെ ആദ്യമായാണ് ഇറാന്‍ ഒരു ശത്രു വിമാനം വെടിവെച്ചിടുന്നത്.

യുദ്ധത്തിന്റെ തുടക്ക സമയത്ത് കുവൈത്തില്‍ യു.എസിന്റെ മൂന്ന് എഫ്-15 വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തിയിരുന്നു. കുവൈത്ത് വ്യോമ പ്രതിരോധ സേനയ്ക്ക് സംഭവിച്ച അബദ്ധമായിരുന്നു അതെന്ന് യു.എസ് പിന്നീട് വിശദീകരിച്ചിരുന്നു.

Content Highlight: US confirms shooting down of US warplane over Iran

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.