മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ വല്ല മാനക്കേടുമുണ്ടെങ്കിൽ, ഗൗരിയെ പോലൊരു ആർട്ടിസ്റ്റിൽ നിന്ന് വാങ്ങാൻ എനിക്ക് ഒരു മാനക്കേടുമില്ല: ഉർവശി
Malayalam Cinema
മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ വല്ല മാനക്കേടുമുണ്ടെങ്കിൽ, ഗൗരിയെ പോലൊരു ആർട്ടിസ്റ്റിൽ നിന്ന് വാങ്ങാൻ എനിക്ക് ഒരു മാനക്കേടുമില്ല: ഉർവശി
നന്ദന എം.സി
Friday, 27th February 2026, 9:45 am

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ വെച്ച് നടന്ന 70-ാമത് ഫിലിം ഫെയർ അവാർഡ്‌സ് ചടങ്ങ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒട്ടേറെ താരങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ മികച്ച ഹാസ്യ താരത്തിനുള്ള അവാർഡ് ഉര്വ്വശിക്കും ലഭിച്ചു. ഇന്ദ്രജിത് സുകുമാരനും ഗൗരി നന്ദയും ചേർന്നാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്.

എന്നാൽ, ഉർവശിയെ പോലൊരു മഹാനടിക്ക് ഗൗരി നന്ദ അവാർഡ് നൽകുന്നത് യോജിച്ചതല്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. തുടർന്ന് പാപ്പരാസികൾ ചോദിച്ച ചോദ്യവും വിവാദമായി. ‘ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് സന്തോഷത്തോടെ സ്വീകരിച്ചല്ലോ’ എന്നായിരുന്നു ചോദ്യം.

ഉർവശി, Photo: YouTube/ Screengrab

അതിന് ഉർവശി നൽകിയ മറുപടി ശ്രദ്ധേയമായി ‘പുരസ്കാരത്തിനാണ് വില. ക്യാമറയ്ക്ക് മുന്നിൽ വലുതും ചെറുതുമില്ല. നല്ല പ്രകടനം കാഴ്ചവെച്ചാൽ എല്ലാവരും ആർട്ടിസ്റ്റുകളാണ്.’ എന്നായിരുന്നു ഉർവശി പറഞ്ഞത്.

ഇപ്പോൾ വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തെ കുറിച്ച് വീണ്ടും തുറന്ന് സംസാരിക്കുകയാണ് താരം.

‘ഗൗരി എന്ന് പേരുള്ളവർ അവാർഡ് നൽകാൻ പാടില്ലേ? അത് ഫിലിം ഫെയറിന്റെ പ്രോട്ടോകോൾ ആണോ, കേരളം സർക്കാരിന്റേതോ, അല്ലെങ്കിൽ പത്രക്കാരുടെ നിയമമാണോ? ഇന്ദ്രജിത്താണ് എനിക്ക് അവാർഡ് നൽകിയതെങ്കിലും ആ പേര് എവിടെയും വന്നില്ല. അതിന് പ്രാധാന്യം കൊടുത്തില്ല.

അതാണെന്റെ സങ്കടം. ഗൗരി എന്ന പേരുള്ള, പാർവതി എന്ന പേരുള്ളവരെയും ചിലർക്കിഷ്ടമല്ല. ആ ചോദ്യം ചോദിച്ച ആളുകളെ എനിക്ക് അറിയണം,’ ഉർവശി പറഞ്ഞു.

മോഹൻലാൽ, ഉർവശി, Photo: YouTube/ Screengrab

അതെ സമയം താരം മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയും വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തു.

‘മറ്റൊരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാർഡ് നൽകിയത് ‌കുഞ്ചാക്കോ ബോബൻ ആണ്. തൊട്ടടുത്ത് ഷീലാമ്മയ്ക്ക് അവാർഡ് കൊടുക്കുമ്പോൾ മമ്മൂട്ടി വേദിയിലേക്ക് കയറി. എന്നെ ഇറങ്ങിപ്പോകാൻ സമ്മതിക്കാതെ, മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ഞാൻ വേണമായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ വല്ല മാനക്കേടുമുണ്ടെങ്കിൽ, ഗൗരിയെ പോലൊരു ആർട്ടിസ്റ്റിൽ നിന്ന് വാങ്ങാൻ എനിക്ക് ഒരു മാനക്കേടുമില്ല. അതിന്റെ പേരാണ് ഉർവശി.

ഗൗരി എന്ന പേര് എനിക്ക് വളരെ ഇഷ്ടമാണ്. ആരാണ് അവാർഡ് നൽകിയതെന്നല്ല പ്രധാനം എനിക്ക് ലഭിച്ചത് ഫിലിംഫെയർ അവാർഡാണ്. ഇത്തരം ചോദ്യങ്ങൾ വരാതിരിക്കണമെങ്കിൽ ‘ഉർവശിക്ക് മമ്മൂട്ടിയും മോഹൻലാലും പോലുള്ള താരങ്ങൾ അവാർഡ് കൊടുക്കാത്തത് എന്തുകൊണ്ട്?’ എന്ന ചോദ്യവും ചോദിക്കണം. വേർതിരിവ് വരാൻ പാടില്ല. വരുമെങ്കിൽ എല്ലാം ഒരുപോലെ വരണം,’ താരം വ്യക്തമാക്കി.

തമിഴ്നാട് സർക്കാരിൽ നിന്ന് ലഭിച്ച മികച്ച ഹാസ്യനടിക്കുള്ള പുരസ്കാരത്തെക്കുറിച്ചും ഉർവശി സംസാരിച്ചു. ‘എത്ര സിനിമകളിൽ ഞാൻ കോമഡി ചെയ്തു. ഒരിക്കൽ പോലും കോമഡിക്ക് അവാർഡ് കിട്ടിയില്ലെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. എന്നാൽ ഇന്ന് മനസിലായി അത് എനിക്ക് ലഭിച്ച ഏറ്റവും വിലയേറിയ അംഗീകാരമാണെന്ന്,’ താരം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചുള്ള ഈ തുറന്ന പ്രതികരണം ഉർവശിയിൽ നിന്ന് ഇതാദ്യമായാണെന്നാണ് ആരാധകർ പറയുന്നത്. ഒരുകാലത്ത് നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങൾ ആയിരുന്നുവെങ്കിലും, ‘ഞാൻ ഒരു നായകന്റെയും നിഴലിൽ നിന്നിട്ടില്ല. അന്നും ഇന്നും ഞാൻ സംവിധായകന്റെ നടിയാണ്’ എന്ന ഉർവശിയുടെ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Content Highlight: Urvashi talk about Mammotty and Mohanlal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.