ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ഉര്‍വശി. തമിഴിലൂടെ നായികയായി അരങ്ങേറിയ ഉര്‍വശി 45 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഉര്‍വശി അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.
ആദ്യകാലത്ത് സെറ്റുകളില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് ഉര്‍വശി. തമിഴ് സിനിമകളിലായിരുന്നു ആ സമയത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നതെന്ന് ഉര്‍വശി പറഞ്ഞു. തന്റെ വീട്ടില്‍ മിക്ക ദിവസങ്ങളിലും പുട്ടായിരുന്നു ഭക്ഷണമെന്നും അതും കൊണ്ടായിരുന്നു സെറ്റില്‍ പോയിരുന്നതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
അന്ന് സെറ്റിലുള്ളവര്‍ക്ക് പുട്ട് വലിയൊരു അത്ഭുതമായിരുന്നെന്നും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് തന്നോട് ചോദിച്ചിരുന്നെന്നും ഉര്‍വശി പറഞ്ഞു. ആ ഷെയ്പ്പില്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയെന്നും പിന്നീട് പല ദിവസങ്ങളിലും താന്‍ പുട്ട് ഉണ്ടാക്കി സെറ്റില്‍ കൊണ്ടുപോകുമായിരുന്നെന്നും ഉര്‍വശി പറയുന്നു.
ഓരോ തവണയും വ്യത്യസ്ത കോമ്പിനേഷനുകളാണ് താന്‍ പരീക്ഷിച്ചതെന്നും എല്ലാം അവര്‍ക്ക് ഇഷ്ടമായെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. വറുത്തരച്ച കറികളൊന്നും തമിഴ്‌നാട്ടില്‍ പരിചിതമല്ലായിരുന്നെന്നും അതെല്ലാം താന്‍ തയാറാക്കി കൊണ്ടുപോകുമായിരുന്നെന്നും ഉര്‍വശി പറഞ്ഞു. പാചകത്തോട് ഇഷ്ടം തോന്നാന്‍ കാരണം അതായിരുന്നെന്നും ഉര്‍വശി പറയുന്നു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘സിനിമയിലെത്തിയ സമയത്ത് പലപ്പോഴും വീട്ടില്‍ നിന്നായിരുന്നു ഫുഡ് കൊണ്ടുപോയിരുന്നത്. തമിഴിലായിരുന്നു കൂടുതല്‍ സിനിമകളും ചെയ്തിരുന്നത്. തമിഴ്‌നാട്ടിലുള്ളവര്‍ക്ക് പുട്ട് എന്താണെന്ന് അറിയില്ലായിരുന്നു. ഞാന്‍ കൊണ്ടുപോകുന്ന ഭക്ഷണം അവര്‍ക്കും കൊടുക്കുമായിരുന്നു. പുട്ടിന്റെ ഷെയ്പ്പ് കണ്ടിട്ട് അവര്‍ക്ക് അത്ഭുതമായി.
‘മാം ഇത് നിങ്ങള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നത്?, ഇങ്ങനെയൊരു ഫുഡ് ഞങ്ങള്‍ കണ്ടിട്ടേയില്ലല്ലോ’ എന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നെ ഓരോ തവണയും ഞാന്‍ പുട്ടിന് വേറെ വേറെ കോമ്പോകള്‍ കൊണ്ടുപോകുമായിരുന്നു. അതുപോലെ വറുത്തരച്ച കറികളൊന്നും തമിഴ്‌നാട്ടില്‍ അത്രക്ക് ഉണ്ടായിരുന്നില്ല. ഞാന്‍ അതൊക്കെ ഉണ്ടാക്കി കൊണ്ടുപോകുമായിരുന്നു. പാചകത്തോട് ഒരിഷ്ടമൊക്കെ തോന്നിയത് ആ സമയത്തായിരുന്നു,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi shares her shooting experience in Tamil movies