മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍? മറുപടിയുമായി ഉര്‍വശി
Entertainment
മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍? മറുപടിയുമായി ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 8:11 am

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഉര്‍വശി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി നിരവധി ചിത്രങ്ങളില്‍ നടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഉര്‍വശി.

ലോകത്ത് എല്ലാ വസ്തുക്കളും പരസ്പര സാമ്യമില്ലാതെയാണ് ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒന്നിനോടൊന്ന് സാമ്യപ്പെടുത്തുന്നതിന് ഒരു അര്‍ത്ഥവുമില്ലെന്ന് ഉര്‍വശി പറയുന്നു. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ചതെന്ന് ചോദ്യത്തിന് തന്നെ അര്‍ത്ഥമില്ലെന്നും രണ്ടുപേരും രണ്ട് സ്‌റ്റൈലിലാണ് അഭിനയിക്കുന്നതെന്നും നടി വ്യക്തമാക്കി.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സാമ്യപ്പെടുത്തുന്നതുപോലെതന്നെ അര്‍ത്ഥമില്ലാത്തതാണ് തന്നെയും ശോഭനയെയും താരതമ്യം ചെയ്യുന്നതെന്നും ഉര്‍വശി പറഞ്ഞു.

‘ഒന്നിനോടൊന്ന് സാമ്യപ്പെടുത്തുന്നതിന് ഒരര്‍ത്ഥവുമില്ല. ഈ ലോകത്ത് എല്ലാ വസ്തുക്കളെയും, എല്ലാ ജീവികളെയും ഒന്നിനൊന്ന് സാമ്യപ്പെടുത്തിയല്ല ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നെങ്ങനെ നമുക്ക് സാമ്യപ്പെടുത്താന്‍ കഴിയും? മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ചതെന്ന് ചോദിച്ചാല്‍ ആ ചോദ്യം തന്നെ അര്‍ത്ഥമില്ലാത്തതാണ്. രണ്ടുപേരും രണ്ട് സ്‌റ്റൈലിലാണ് അഭിനയിക്കുന്നത്.

അതുപോലെതന്നെയാണ് എന്നെയും ശോഭനയെയും താരതമ്യപ്പെടുത്തുന്നതും. എന്റെ അഭിനയം ഇഷ്ടപ്പെടുന്നവര്‍ ഉണ്ടാകാം, ശോഭനയുടെ അഭിനയം ഇഷ്ടപ്പെടുന്നവരും ഉണ്ടാകാം. ഞങ്ങളെയും താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. രണ്ടും രണ്ടുപേരായിട്ട് നില്‍ക്കുന്നത്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi is responding to the question of whether Mammootty or Mohanlal is the better actor.