ലാലേട്ടനോട് എന്റെ പേര് ചേർത്തുവെക്കുന്നത് ശരിയല്ല: ഉർവശി
Entertainment
ലാലേട്ടനോട് എന്റെ പേര് ചേർത്തുവെക്കുന്നത് ശരിയല്ല: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th February 2025, 12:10 pm

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഒരുപാട് അമ്മ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിയാണ് ഉർവശി. പ്രായക്കൂടുതലുള്ള കഥാപാത്രങ്ങൾ ഇമേജിനെ ബാധിക്കുമോയെന്ന ആശങ്കയൊന്നും തനിക്കില്ലെന്ന് ഉർവശി പറയുന്നു. അഭിനയത്തിലെ സ്വാഭാവികത കാരണം ലേഡി മോഹൻലാലെന്ന് ഉർവശിയെ ചിലർ വിശേഷിപ്പിക്കാറുണ്ട്.

എന്നാൽ എല്ലാ കാലത്തും തരക്കേടില്ലാത്ത ഒരു നടിയായി സ്വന്തം പേരിൽത്തന്നെ അറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്നും മോഹൻലാലുമായി തന്റെ പേര് ചേർത്തുവെക്കുന്നത് ശരിയല്ലെന്നും ഉർവശി പറഞ്ഞു. ഇപ്പോൾ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നവർ തന്നെ തന്റെ കരിയർ അല്പം മങ്ങുമ്പോൾ അത് തിരുത്തിവിളിക്കുമെന്നും ഉർവശി കൂട്ടിച്ചേർത്തു.

മോഹൻലാൽ വലിയ നടനാണ് അദ്ദേഹത്തോട് എന്റെ പേര് ചേർത്തുവെക്കുന്നത് ശരിയല്ല
– ഉർവശി

‘എന്റെ ആദ്യ ഹിറ്റ് സിനിമയിൽ ഒരു അമ്മ വേഷമായിരുന്നു ചെയ്‌തത്. പതിനാറുകാരിയായ അമ്മ. അതിനുശേഷവും പ്രായക്കൂടുതൽ ഉള്ള നിരവധി കഥാപാത്രങ്ങൾ ചെയ്‌തു. പ്രായക്കൂടുതലുള്ള കഥാപാത്രങ്ങൾ ചെയ്‌താൽ ഇമേജിനെ ബാധിക്കുമോ എന്ന ആശങ്കയൊന്നും എന്നെ ബാധിക്കാറില്ല. ഞാനത് പരിഗണിക്കാറുമില്ല.

എനിക്ക് തൃപ്‌തിയുള്ള വേഷങ്ങളാണോ എന്നത് മാത്രമാണ് വിഷയം. ഇത് അനിവാര്യമായ മാറ്റമായി മാത്രമേ കാണുന്നുള്ളൂ. അതത് കാലത്തെ ആസ്വദിക്കുക എന്നതാണ് ചെയ്യേണ്ടത്. മനുഷ്യർ മിക്കപ്പോഴും അത് ചെയ്യുന്നില്ല. എന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ പലതും വിളിക്കാറുണ്ട്. അതുവേണ്ട എന്ന് ഞാൻ പറയുന്നില്ല.

പക്ഷേ, എല്ലാ കാലത്തും തരക്കേടില്ലാത്ത ഒരു നടിയായി എൻ്റെ പേരിൽത്തന്നെ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് ശാശ്വതമെന്ന് കരുതുന്നു. ഇപ്പോൾ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നവർ തന്നെ എൻ്റെ കരിയർ അല്പം മങ്ങുമ്പോൾ അത് തിരുത്തിവിളിക്കും. മാത്രമല്ല, ലാലേട്ടൻ വലിയ നടനല്ലേ? അദ്ദേഹത്തോട് നമ്മുടെ പേര് ചേർത്തുവെക്കുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഓരോരുത്തരും അവരവരുടെതന്നെ പേരിൽ അറിയപ്പെടട്ടെ,’ഉർവശി പറയുന്നു.

Content Highlight: Urvashi About Mohanlal And His Acting