പ്രതിഷേധക്കാരെ തെരഞ്ഞുപിടിച്ചല്ല കെട്ടിടങ്ങള്‍ പൊളിച്ചത്; ആരോപണങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് യു.പി സര്‍ക്കാര്‍
national news
പ്രതിഷേധക്കാരെ തെരഞ്ഞുപിടിച്ചല്ല കെട്ടിടങ്ങള്‍ പൊളിച്ചത്; ആരോപണങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് യു.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd June 2022, 10:56 am

ന്യൂദല്‍ഹി: ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് നടത്തിയ വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെ നടന്ന ബുള്‍ഡോസര്‍ ആക്രമണം പ്രതിഷേധക്കാരെ കേന്ദ്രീകരിച്ച് നടത്തിയതെന്ന ആരോപണങ്ങളെ തള്ളി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച സത്യവാങ്മൂലവും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

പ്രവാചകനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ നുപുര്‍ ശര്‍മയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് സര്‍ക്കാര്‍ തകര്‍ത്തത്. ഇതിനെതിരെ രാജ്യവ്യാപകമായി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സത്യവാങ്മൂലവുമയി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കാണ്‍പൂരില്‍ വീടുകള്‍ക്കോ മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നേരെയോ ആക്രമണങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാരിനെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് കോടതിയെ സമീപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആരോപണങ്ങളെ തള്ളിക്കൊണ്ട് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് സര്‍ക്കാര്‍ ചെയ്ത ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് തെറ്റായ നിറം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യോഗി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. നിയമാനുസൃതമായ നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. ഇത് ബന്ധപ്പെട്ട അധികാരികള്‍ ശരിവെക്കുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

വ്യത്യസ്തമായ നിയമങ്ങള്‍ പ്രകാരമാണ് സര്‍ക്കാര്‍ കലാപകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.

Content Highlight: UP government filed affidavit in supreme court over demolitions in UP