ഈദുല്‍ ഫിത്തറും പരശുരാമ ജയന്തിയും ഒരുമിച്ച് ; പൊതുനിരത്തുകളില്‍ മത ആഘോഷങ്ങള്‍ വിലക്കി യു.പി സര്‍ക്കാര്‍
national news
ഈദുല്‍ ഫിത്തറും പരശുരാമ ജയന്തിയും ഒരുമിച്ച് ; പൊതുനിരത്തുകളില്‍ മത ആഘോഷങ്ങള്‍ വിലക്കി യു.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 7:37 pm

ലഖ്‌നൗ: സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പൊതുനിരത്തുകളില്‍ മത പരമായ ആഘോഷങ്ങള്‍ നടത്തുന്നത് വിലക്കി യോഗി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം പെരുന്നാളിനും അക്ഷയ തൃതീയക്കും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് റോഡുകളില്‍ ചടങ്ങുകള്‍ നടത്തുന്നതിനും വിലക്കുണ്ട്.

സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞജയ് പ്രസാദും ഡി.ജി.പി ആര്‍.കെ. വിശ്വകര്‍മ്മയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ മീറ്റിങ്ങിനിടയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായിട്ടുള്ളത്. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും സുരക്ഷ ശക്തമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സമീപകാലത്തായി ഉത്തര്‍പ്രദേശിലുണ്ടായ അക്രമ സംഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് യു.പി സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കാനും മതപരമായ ചടങ്ങുകള്‍ അതാത് പ്രദേശങ്ങളില്‍ മാത്രം നടത്താനുമാണ് നിര്‍ദേശമുള്ളത്.

അനുമതിയില്ലാതെ മതപരമായ ഘോഷയാത്രയോ മറ്റേതെങ്കിലും ചടങ്ങുകളോ പൊതുനിരത്തില്‍ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും വ്യാജ വാര്‍ത്തകളെ കരുതിയിരിക്കാനും നിര്‍ദേശമുണ്ട്.

‘സംസ്ഥാനത്തെ ഓരോ പൗരന്റെയും സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈദുല്‍ ഫിത്തറും, അക്ഷയ തൃതീയയും പരശുരാമ ജയന്തിയും ഏപ്രില്‍ 22ന് ഒരുമിച്ച് വരാന്‍ സാധ്യതയുണ്ട്. നിലവിലെ ക്രമസമാധാന നില കണക്കിലെടുത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. മതപരമായ യാതൊരു ചടങ്ങുകളും ഇത്തവണ പൊതുനിരത്തുകളില്‍ നടത്താന്‍ അനുവദിക്കില്ല. സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ പൊലീസ് പട്രോളിങ് നടത്തും.

നിയമം ലംഘിച്ച് റോഡുകളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. മുന്‍ കാലങ്ങളില്‍ ഫലപ്രദമായി ഇത്തരം സംഭവങ്ങളെ നമ്മള്‍ പ്രതിരോധിച്ചതാണ്. ഇത്തവണയും പ്രശ്‌നങ്ങളില്ലാതെ തന്നെ മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്,’ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞതായി എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: up government ban religious programs in roads