അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴില്‍ ഇന്ത്യന്‍ നിലപാടുകള്‍ മാറുന്നു: വിമര്‍ശനവുമായി ഇടത് പാര്‍ട്ടികള്‍
India
അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴില്‍ ഇന്ത്യന്‍ നിലപാടുകള്‍ മാറുന്നു: വിമര്‍ശനവുമായി ഇടത് പാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 3:57 pm

ന്യൂദല്‍ഹി: ഇസ്രഈല്‍ – ഹമാസ് യുദ്ധത്തില്‍ ഉടനടി മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട യു.എന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ വിമര്‍ശനവുമായി ഇടതുപക്ഷ പാര്‍ട്ടികള്‍. സി.പി.ഐ -സി.പി.ഐ.എം എന്നീ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.

വിട്ടുനിന്ന തീരുമാനം ഞെട്ടിക്കുന്നതാണെന്ന് ഇടത് പാര്‍ട്ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ ദീര്‍ഘകാല പിന്തുണയെ നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്. അമേരിക്കന്‍ സമ്രാജ്യത്വത്തിന് കീഴില്‍ ഇന്ത്യന്‍ നിലപാടുകള്‍ മാറുകയാണെന്നും അവര്‍ പറഞ്ഞു.

വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതിലൂടെ യു.എസ് -ഇസ്രഈല്‍ – ഇന്ത്യ അവിശുദ്ധ കൂട്ട് കെട്ട് വെളിവായെന്നും മോദി സര്‍ക്കാറിന്റെ കീഴില്‍ ഇന്ത്യയുടെ വിദേശനയം എത്രത്തോളം മാറിയെന്നതിന്റെ തെളിവാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.

യു.എന്‍ അസംബ്ലിയുടെ മഹത്തായ ഉത്തരവിനെ മാനിച്ച് ഉടനടി വെടി നിര്‍ത്തലുണ്ടാകണമെന്നും കിഴക്കന്‍ ജെറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപികരിക്കാന്‍ യു.എന്‍ ഇടപെടണമെന്നും ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു

ഇസ്രഈല്‍ – ഹമാസ് യുദ്ധത്തിന്‍ ഉടനടി മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട യു.എന്‍ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. പ്രമേയത്തില്‍ ഹമാസിനെ കുറിച്ച് പരാമര്‍ശിക്കാത്തതിനാലാണ് ഇന്ത്യ വോട്ടെടുപ്പില്‍ വിട്ടുനിന്നത്.ജോര്‍ദാന്‍ അവതരിപ്പിച്ച കരട് പ്രമേയത്തില്‍ ഗസ മുനമ്പില്‍ തടസ്സങ്ങളില്ലാതെ പ്രവേശനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹമാസിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.
ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ജപ്പാന്‍, ഉക്രൈന്‍, യു.കെ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

Content highlight: Indian attitudes change under American imperialism: Left parties with criticism