'റഷ്യക്കെതിരായ അമേരിക്ക- ഉക്രൈന്‍ ബയോലാബ്'; അന്വേഷണം വേണോയെന്ന് വോട്ടിങ്ങിലൂടെ തീരുമാനിക്കാന്‍ യു.എന്‍
World News
'റഷ്യക്കെതിരായ അമേരിക്ക- ഉക്രൈന്‍ ബയോലാബ്'; അന്വേഷണം വേണോയെന്ന് വോട്ടിങ്ങിലൂടെ തീരുമാനിക്കാന്‍ യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th November 2022, 9:57 am

മോസ്കോ: റഷ്യക്കെതിരെ അമേരിക്കയും ഉക്രൈനും ചേര്‍ന്ന് ബയോ ലാബുകളും ‘മിലിറ്ററി ബയോളജിക്കല്‍ ആക്ടിവിറ്റികളും’ നടത്തുന്നുണ്ടെന്ന റഷ്യയുടെ ആരോപണത്തിന്മേല്‍ തുടര്‍നടപടിക്കൊരുങ്ങി ഐക്യരാഷ്ട്രസഭ.

ആരോപണങ്ങളിന്മേല്‍ അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന് വോട്ടെടുപ്പിലൂടെ തീരുമാനിക്കാനാണ് യു.എന്‍ നീക്കം.
ഇതിന് വേണ്ടി യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഒരു പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുന്നത് സംബന്ധിച്ചായിരിക്കും ഈ പ്രമേയം.

യു.എസും ഉക്രൈനും സംയുക്തമായി, റഷ്യയെ ലക്ഷ്യം വെച്ചുകൊണ്ട്, റഷ്യക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഉക്രൈനില്‍ ബയോ ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ് മോസ്‌കോ ആരോപിക്കുന്നത്. ഇത് ബയോളജിക്കല്‍ വെപ്പണുകളുടെ ഉപയോഗം തടയുന്ന യു.എന്‍ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും റഷ്യ പറയുന്നു.

കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച് 310 പേജുള്ള ഒരു ഡോക്യുമെന്റ് റഷ്യ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. സെക്യൂരിറ്റി കൗണ്‍സിലിന് സമര്‍പ്പിച്ച റഷ്യയുടെ ഔദ്യോഗിക പരാതിയും രേഖയിലുള്‍പ്പെടുന്നുണ്ട്.

റഷ്യക്കെതിരായ ഒരു ‘ബയോളജിക്കല്‍ യുദ്ധത്തിന്’ യു.എസ് ഡിഫന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഉക്രൈനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണ് ഈ രേഖകളില്‍ റഷ്യ ആരോപിക്കുന്നത്.

1972 ബയോളജിക്കല്‍ വെപ്പണ്‍ കണ്‍വെന്‍ഷന്‍ ആര്‍ട്ടിക്കിള്‍ ആറ് പ്രകാരം, റഷ്യയുടെ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് 15 കൗണ്‍സില്‍ അംഗങ്ങളുടെ സംഘത്തെ രൂപീകരിക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് അധികാരമുണ്ടെന്നും രേഖയില്‍ പറയുന്നു.

ഇതേത്തുടര്‍ന്നാണ്, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ രൂപീകരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാന്‍ യു.എന്‍ വോട്ടിങ് നടത്താനൊരുങ്ങുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യ ഉക്രൈനില്‍ തങ്ങളുടെ ‘സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍’ ആരംഭിച്ചതിന് പിന്നാലെ തന്നെ, റഷ്യക്കെതിരെ ഉക്രൈനില്‍ ‘രഹസ്യ അമേരിക്കന്‍ ബയോളജിക്കല്‍ വാര്‍ഫെയര്‍ ലാബുകള്‍’ (secret American biological warfare labs) പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി അവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇത് ഉക്രേനിയന്‍ നേതാക്കളും വൈറ്റ്ഹൗസ് വൃത്തങ്ങളും പെന്റഗണും തള്ളുകയായിരുന്നു.

യു.എസില്‍ നിന്നും റിസര്‍ച് പിന്തുണയും ഫണ്ടിങ്ങും ലഭിച്ചുകൊണ്ട് ഉക്രൈനില്‍ ബയോളജിക്കല്‍ ലാബുകളുടെ ഒരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബയോളജിക്കല്‍ ത്രെറ്റ് റിഡക്ഷന്‍ പ്രോഗ്രാം (Biological Threat Reduction Program) എന്ന ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് ഉക്രൈന്റെ ഉടമസ്ഥതയില്‍ ഇതവിടെ പ്രവര്‍ത്തിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: UN to conduct a vote on investigating Russian allegation of biolabs run by America and Ukraine