റിലീസ് ചെയ്ത് നാലാം വാരം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം പല ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. മലയാളസിനിമയിലെ എക്കാലത്തെയും വലിയ വിജയമായി ലോകഃ മാറി.
ഐതിഹ്യമാലയിലൂടെ കേട്ടുവളര്‍ന്ന കള്ളിയങ്കാട്ടു നീലിയുടെ കഥ ഇന്നത്തെ കാലത്തേക്ക് ബ്ലെന്‍ഡ് ചെയ്താണ് ഡൊമിനിക് അരുണ്‍ ലോകഃയില്‍ അവതരിപ്പിച്ചത്. മനുഷ്യര്‍ക്കിടയില്‍ സാധാരണക്കാരെപ്പോലെ ജീവിക്കുന്ന നീലി, ചാത്തന്‍, ഒടിയന്‍ എന്നിവരാണ് ലോകഃ ഫ്രാഞ്ചൈസിലെ പ്രധാന കഥാപാത്രങ്ങള്‍. കല്യാണി പ്രിയദര്‍ശനാണ് നീലിയായി വേഷമിടുന്നത്.
നൂറ്റാണ്ടുകളായി മരണമില്ലാതെ പല ദേശങ്ങളില്‍ പല പേരുകളില്‍ നീലി താമസിച്ചിട്ടുണ്ടെന്ന് സിനിമയില്‍ പറയുന്നുണ്ട്. കഥ നടക്കുന്ന ബെംഗളൂരുവിലേക്ക് എത്തുന്നതിന് മുമ്പ് നീലി സ്വീഡനിലായിരുന്നു എന്നാണ് സിനിമയില്‍ പറയുന്നത്. ചിത്രത്തില്‍ ചന്ദ്ര എന്ന പേര് സ്വീകരിക്കുന്ന നീലിക്ക് പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നതും കാണിക്കുന്നുണ്ട്.
പറക്കാന്‍ കഴിവുള്ള നീലിക്ക് എന്തിനാണ് പാസ്‌പോര്‍ട്ട് എന്ന് ഒരാള്‍ ട്രോള്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഈ സംശയം തോന്നിയെന്നും അതിനാലാണ് ചോദിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്. സിനിമാ മിക്‌സര്‍ എന്ന പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
വളരെ സീരിയസായി ചോദിച്ച ചോദ്യത്തിന് രസകരമായ മറുപടിയാണ് കമന്റുകളുടെ രൂപത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഒരു ലിറ്റര്‍ ചോരക്ക് പഴയതുപോലെ മൈലേജ് കിട്ടുന്നില്ല, ആകെ 40 km മാത്രമാണ് കിട്ടുന്നത്’ എന്നായിരുന്നു ഒരാള്‍ പങ്കുവെച്ച കമന്റ്. ‘നീയിവിടെ സംശയം ചോദിച്ചുകൊണ്ടിരുന്നോ, നീലി അവിടെ ചോര കുടിച്ച് 300 കോടി ഉണ്ടാക്കി’ എന്നാണ് മറ്റൊരു കമന്റ്.
‘എല്ലാം സിസ്റ്റമാറ്റിക് ആകണമെന്ന് നല്ല നിര്‍ബന്ധമുള്ളയാളാണ് നീലി’, ‘അത്രേം മൈലേജിനുള്ള ചോര വാങ്ങി കുടിക്കുന്ന കാശിനു ഒരു ടിക്കറ്റ് എടുത്ത് സീറ്റില്‍ ഇരുന്നാല്‍ പോരേ. പറക്കുന്ന കഷ്ടപ്പാടും ഇല്ല’, പറന്നു വന്നാലും ലഗേജ് കൊണ്ടുവരാന്‍ ഫ്‌ളൈറ്റ് വേണ്ടേ, ലഗേജില്ലാതെ നേരത്തെ ബാംഗ്ലൂരിലെത്തിയിട്ട് എന്ത് ചെയ്യാനാ’ തുടങ്ങി നരവധി കമന്റുകളാണ് പലരും പങ്കുവെച്ചിട്ടുള്ളത്. രസകരമായ സംശയത്തിന് രസകരമായ മറുപടികളാണ് ഓരോരുത്തരും നല്‍കുന്നത്.
കല്യാണി പ്രിയദര്‍ശനൊപ്പം നസ്‌ലെനും ലോകഃയില്‍ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. ഇതിനോടകം 275 കോടിക്കുമുകളില്‍ ചിത്രം സ്വന്തമാക്കി. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ അതിഥിവേഷവും ലോകഃയെ കൂടുതല്‍ മനോഹരമാക്കി.
Content Highlight: Troll and comment about Lokah Movie viral in social media