ബീഫോ? ഉള്ളി ഇട്ട് വെച്ചതാണെങ്കില്‍ കുഴപ്പമില്ല കേട്ടോ; കേരള സ്‌റ്റോറിക്ക് മറുപടിയാകുന്ന ഷെയ്‌നിന്റെ ഹാല്‍
Malayalam Cinema
ബീഫോ? ഉള്ളി ഇട്ട് വെച്ചതാണെങ്കില്‍ കുഴപ്പമില്ല കേട്ടോ; കേരള സ്‌റ്റോറിക്ക് മറുപടിയാകുന്ന ഷെയ്‌നിന്റെ ഹാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 21st February 2026, 12:08 pm

സെന്‍സര്‍ ബോര്‍ഡിന്റെ യാതൊരു വിധ ഇടപെടലുമില്ലാതെയാണ് സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത തീവ്ര വലതുപക്ഷ അജണ്ടയുടെ ടൂളായ സുദിപ്‌തോ സെന്നിന്റെ ദ കേരള സ്‌റ്റോറി 2022 ല്‍ തിയേറ്ററുകളിലെത്തിയത്. മുസ്‌ലിം മതവിഭാഗത്തിനെതിരെ വിഭാഗീയത സൃഷ്ടിക്കുക എന്നതിലുപരി കേരളം എന്ന സംസ്ഥാനത്തിനെ ഒട്ടാകെ കരിവാരി തേക്കുന്ന രീതിയിലായിരുന്നു ചിത്രം അവതരിപ്പിച്ചത്. ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായാണ് കേരളത്തെ സിനിമ ചിത്രീകരിച്ചത്.

ദ കേരള സ്റ്റോറി 2 ട്രെയ്‌ലറില്‍ നിന്നും. Photo: screen grab/sunshine pictures/ youtube.com

ചിത്രം രാജ്യത്ത് വ്യാപകമായി പ്രചരിച്ചതോടെ കേരളത്തിനും മലയാളികള്‍ക്കുമെതിരെ തെറ്റായ ധാരണയോടെ പെരുമാറുന്ന നോര്‍ത്ത് ഇന്ത്യക്കാരില്‍ നിന്നുമുള്ള അനുഭവങ്ങളും വാര്‍ത്തയായിരുന്നു. ഇതേ അജണ്ടയുടെ ബാക്കിപത്രമായാണ് ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും വലിയ രീതിയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഹിന്ദുപെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിങ്ങളെ കാണിക്കുന്ന ട്രെയ്‌ലറിന് വലിയ വിമര്‍ശനമാണ് മലയാളികളില്‍ നിന്നും രാജ്യത്തെ മറ്റ് പല ഭാഗത്തുനിന്നും ലഭിച്ചത്. ഇങ്ങനെ നടക്കുന്നത് ഏത് കേരളത്തില്‍ നിന്നാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇഷ്ടമുള്ളത് കഴിക്കാന്‍ അവകാശമുള്ള നാടാണ് കേരളമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മറുപടികള്‍ വന്നത്.

ഒരു നാടിന്റെ പേര് തന്നെ കളങ്കപ്പെടുത്തുന്ന ചിത്രത്തിനെതിരെ ശബ്ദമുയര്‍ത്താത്തതില്‍ കേരളത്തിലെ ബി.ജെ.പി ഘടകത്തിനെതിരെ വലിയ രോഷവും ട്രോളുകളും ഉയരുന്നുണ്ട്. റഫീഖ് വീര സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രം ഹാലിലെ സീനുകള്‍ മുന്‍നിര്‍ത്തിയാണ് ട്രോളുകളില്‍ ഭൂരിഭാഗവും. ഷെയ്ന്‍ നിഗവും പുതുമുഖം സാക്ഷി വൈദ്യയും പ്രധാനവേഷത്തിലെത്തിയ ഹാല്‍ രണ്ടുപേര്‍ തമ്മിലുള്ള പ്രണയത്തെ ലവ് ജിഹാദായി ചാപ്പകുത്തുന്നതിനെതിരെ ശക്തമായ സന്ദേശം നല്‍കിയ ചിത്രമായിരുന്നു.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്ത് സംഘപരിവാര്‍ പ്രസ്ഥാനത്തെ ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. യാത്രക്കിടയില്‍ തങ്ങള്‍ സഞ്ചരിച്ച വാഹനം കേടായി വഴിയില്‍ പെടുമ്പോള്‍ വിശന്ന് വലഞ്ഞിരിക്കുന്നവരായാണ് ഹാലില്‍ ഇക്കൂട്ടര്‍ പ്രത്യക്ഷപ്പെടുന്നത്. മുസ്‌ലിം മതവിഭാഗത്തില്‍ പെട്ട മറ്റൊരു കൂട്ടര്‍ ഇവര്‍ക്കടുത്തേക്കെത്തുമ്പോള്‍ ഓഫര്‍ ചെയ്യുന്ന ബീഫ് ബിരിയാണിയാണ് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നത്.

ഹാല്‍. Photo: Ticketnew

തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരായ ഭക്ഷണമായിരുന്നിട്ട് കൂടി ഉള്ളി ഇട്ട് വെച്ചതാണെങ്കില്‍ കുഴപ്പമില്ലെന്ന ന്യായം പറഞ്ഞ് വെട്ടി വിഴുങ്ങുന്നുണ്ട്. നല്ല ടേസ്റ്റുണ്ടെങ്കില്‍ നിരോധിക്കേണ്ടതില്ലലോ എന്ന് പറയുന്നതും കേള്‍ക്കാം. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ‘ഉള്ളി സുര’ എന്ന വട്ടപേരിനെ ട്രോളിക്കൊണ്ടാണ് ഈ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ടുകളെ അതിജീവിച്ച് ഒരുപാട് കാലത്തെ നിയമപോരാട്ടത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രം സമൂഹത്തിലെ മതസൗഹാര്‍ദ്ദത്തിന് വേണ്ടി പരിശ്രമിക്കുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പരസ്യമായി വര്‍ഗീയത വിളമ്പുന്ന കേരള സ്റ്റോറി പോലുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നത് സങ്കടകരമാണ്.

Content Highlight: troll against The kerala story 2 trailer with scenes from Haal movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.