മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. നിരവധി മികച്ച സിനിമകളിലൂടെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ കൂതറ എന്ന സിനിമയില്‍ ടൊവിനോ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ലൂസിഫറിലാണ് ടൊവിനോയും മോഹന്‍ലാലും ഒന്നിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും ടൊവിനോ തോമസ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ റേഡിയോ മാങ്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ ഫൈറ്റ് സീനുകളെ കുറിച്ചും പറയുകയാണ് ടൊവിനോ.
മോഹന്‍ലാല്‍ ഫൈറ്റ് ചെയ്യുന്നത് കാണാന്‍ നല്ല ചന്തമാണെന്നും പണ്ട് ഫൈറ്റ് സീക്വന്‍സുകള്‍ ചെയ്യുമ്പോള്‍ ഹാര്‍നെസൊന്നും ഉണ്ടായിരുന്നില്ലെന്നും നടന്‍ പറയുന്നു. പണ്ടത്തെ ഫൈറ്റുകളില്‍ പരിക്കുകള്‍ പറ്റാതെ മോഹന്‍ലാല്‍ ഇത്രവരെ എത്തിയത് പണ്ടേ ആ ഫ്‌ളെക്‌സിബിളിറ്റി ഉള്ളത് കൊണ്ടാണെന്നും ടൊവിനോ പറഞ്ഞു.
‘ലാലേട്ടന്‍ ഫൈറ്റ് ചെയ്യുന്നത് കാണാന്‍ നല്ല ചന്തമാണ്. പണ്ട് ഇവരൊക്കെ ഫൈറ്റ് സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഇന്നത്തെ പോലെ ഹാര്‍നെസൊന്നും ഇല്ല. വെറുതെ കയറും കമ്പിയും കൈലി മുണ്ടും തോര്‍ത്തുമൊക്കെയാണ് ഉപയോഗിച്ചത്. അതായിരുന്നു അവരുടെ അന്നത്തെ ഹാര്‍നെസ്.
എന്തൊരു റിസ്‌ക്ക് എടുത്തിട്ടാണ് അവരൊക്കെ ഒരു ഫൈറ്റ് സീക്വന്‍സ് ചെയ്യുന്നതെന്നോ. അങ്ങനെ ഷൂട്ട് ചെയ്യുന്ന സമയത്ത് ഷൂട്ടിങ്ങൊക്കെ കഴിഞ്ഞാല്‍ നല്ല ശരീര വേദനയുണ്ടാകും. ശരീരം മൊത്തം പാടുകള്‍ ഉണ്ടാകും.
പണ്ടത്തെ ഫൈറ്റുകളിലൊക്കെ പരിക്കുകള്‍ പറ്റാതെ ലാലേട്ടന്‍ ഇത്രവരെ എത്തിയത് പണ്ടേ ആ ഫ്‌ളെക്‌സിബിളിറ്റി ഉള്ളത് കൊണ്ടാണ്. പിന്നെ അന്നേ നല്ല ട്രെയ്‌നിങ് കിട്ടിയിട്ടുണ്ടല്ലോ. എനിക്ക് അങ്ങനെ ഐക്കോണിക്ക് ആക്ഷന്‍ സ്റ്റാര്‍ ആകണമെന്നൊന്നും ഇല്ല. ആ ആഗ്രഹം എനിക്കില്ല (ചിരി),’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About Mohanlal’s Fight Scenes