ആ സൂപ്പര്‍സ്റ്റാറിന്റെ അഭിനയം അനുകരിച്ചാല്‍ ജനം ആദ്യമത് തിരിച്ചറിയും; അവര്‍ കൂക്കിവിളിക്കും: ടൊവിനോ തോമസ്
Entertainment
ആ സൂപ്പര്‍സ്റ്റാറിന്റെ അഭിനയം അനുകരിച്ചാല്‍ ജനം ആദ്യമത് തിരിച്ചറിയും; അവര്‍ കൂക്കിവിളിക്കും: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 2:38 pm

 

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. നിരവധി മികച്ച സിനിമകളിലൂടെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ കൂതറ എന്ന സിനിമയില്‍ ടൊവിനോ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ലൂസിഫറിലാണ് ടൊവിനോയും മോഹന്‍ലാലും ഒന്നിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും ടൊവിനോ തോമസ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് ടൊവിനോ.

താന്‍ മോഹന്‍ലാലിലെ നല്ല മാതൃകകളാണ് ജീവിതത്തിലേക്ക് പകര്‍ത്തിക്കൊണ്ടിരിക്കുന്നതെന്നും അതല്ലാതെ അദ്ദേഹത്തിന്റെ അഭിനയമല്ല പകര്‍ത്തുന്നതെന്നുമാണ് നടന്‍ പറയുന്നത്. മോഹന്‍ലാലിന്റെ അഭിനയം പകര്‍ത്താനും അനുകരിക്കാനും ആകില്ലെന്നും ടൊവിനോ പറഞ്ഞു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യത്തില്‍ ലാലേട്ടന്റെ നല്ല മാതൃകകളാണ് ഞാനെന്റെ ജീവിതത്തിലേക്ക് പകര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതല്ലാതെ അദ്ദേഹത്തിന്റെ അഭിനയമല്ല. അത് പകര്‍ത്താനും അനുകരിക്കാനുമാവില്ല.

അതിന് എന്നെക്കൊണ്ട് കഴിയുകയുമില്ല. ഇനി അഥവാ അങ്ങനെയൊരു ശ്രമം നടത്തിയാല്‍ തന്നെ ജനം ആദ്യമത് തിരിച്ചറിയും. എന്നിട്ട് എന്റെ പ്രകടനത്തെ കൂക്കിവിളിക്കും.

എന്നോട് എന്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ ചോദിക്കാറുണ്ട് ‘നീയെന്തുമാത്രം ജോലിയാണ് എടുക്കുന്നത്’ എന്ന്. ഷൂട്ടിങ് കഴിഞ്ഞാലും ഞാന്‍ പോസ്റ്റ് പ്രൊഡക്ഷനും പ്രൊമോഷനുമൊക്കെയായി ഓടിനടക്കും. അതിനുവേണ്ടി ധാരാളം ഉറക്കമൊഴിക്കും.

അവരുടെ കാഴ്ചപ്പാടില്‍ ഞാനൊരു ഉഴപ്പനായിരുന്നു. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുന്നത് കാണുമ്പോള്‍ അവര്‍ ചോദിച്ചുപോകുന്നതാണ്. പക്ഷേ ലാലേട്ടനുമായി താരതമ്യം ചെയ്താല്‍ ഞാനൊക്കെ ചെയ്യുന്നത് ഒന്നുമല്ലെന്ന് പറയേണ്ടി വരും.

ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണം കണ്ടുപഠിക്കേണ്ടതാണ്. അനുനിമിഷം ആസ്വദിച്ചാണ് അദ്ദേഹമത് ചെയ്യുന്നതും. ആ ഉയര്‍ച്ചയിലേക്ക് എത്താന്‍ ഞാനൊക്കെ ഏറെ ദൂരം പോകേണ്ടതുണ്ട്,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About Mohanlal