അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകര്‍ പ്രിയങ്കരനായി മാറിയ യുവതാരമാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് അരങ്ങേറുന്നത്. തുടര്‍ന്ന് ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം വലിയ രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ കഴിയുന്ന താരമായി ടൊവിനോ മാറി.
തന്റെ ഫിലിമോഗ്രാഫിയെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. താന്‍ ചെയ്ത സിനിമകളെ കുറിച്ചോര്‍ത്ത് തനിക്ക് റിഗ്രെറ്റ്‌സ് ഒന്നുമില്ലെന്ന് ടൊവിനോ തോമസ് പറയുന്നു. ചില വിരലില്‍ എണ്ണാവുന്ന സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ എല്ലാ സിനിമകളും തനിക്ക് സ്‌പെഷ്യല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
ഹിറ്റ് ആയ ചില സിനിമകള്‍ ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും ഫ്‌ലോപ്പ് ആയ ചിലത് ചെയ്തതില്‍ സന്തോഷമുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു, ലൂക്ക, തരംഗം, ഫോറന്‍സിക്ക് തുടങ്ങിയ ചിത്രങ്ങളെല്ലാം അത്തരത്തില്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ഫിലിമോഗ്രാഫിയില്‍ ഞാന്‍ ചെയ്ത സിനിമകളെ കുറിച്ചോര്‍ത്ത് എനിക്ക് റിഗ്രെറ്റ്‌സ് ഒന്നും ഇല്ല. പക്ഷെ ചില സിനിമകള്‍ വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെയുള്ളത് വിരലിലെണ്ണാവുന്ന എണ്ണം മാത്രമേ ഉള്ളു.
അല്ലാത്ത എല്ലാ സിനിമകളും എനിക്ക് ഭയങ്കര സ്‌പെഷ്യല്‍ ആണ്. ഞാന്‍ ഈ പറഞ്ഞതൊന്നും തിയേറ്ററില്‍ ഹിറ്റാണോ ഫ്‌ലോപ്പ് ആണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയല്ല.
ഹിറ്റ് ആയ ചില സിനിമകള്‍ ചെയ്യണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഫ്‌ലോപ്പ് ആയ ചിലത് ചെയ്തതില്‍ വളരെ സന്തോഷവും ഉണ്ട്.
എല്ലാത്തില്‍ നിന്നും എന്തെങ്കിലും കിട്ടിയിട്ടേ ഉള്ളു. ചിലതില്‍ നിന്ന് ലേണിങ് എക്സ്പീരിയന്‍സ് ആയിരുന്നു. ചിലത് ആര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്കത് ഒക്കെ ആയിരുന്നു. കാക്കക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറയുന്നതുപോലെ.
കുറച്ച് പേര്‍ക്ക് ഇഷ്ടപെട്ടാല്‍ അത് നല്ല സിനിമയാണ് ഞാന്‍ സ്വയം ആശ്വസിക്കുകയോ സ്വയം വിശ്വസിക്കുകയോ ചെയ്യും.
ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു, ലൂക്ക, തരംഗം, ഫോറന്‍സിക്ക് തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ സങ്കടം തോന്നി.
ഫോറന്‍സിക്കെല്ലാം സത്യത്തില്‍ വിജയിക്കേണ്ട ചിത്രമായിരുന്നു,’ ടൊവിനോ തോമസ് പറയുന്നു.