തമിഴില്‍ വ്യത്യസ്തമായ കഥപറച്ചില്‍ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. മിന്നലേ എന്ന ചിത്രത്തിലൂടെ ആരംഭിച്ച സംവിധാനകരിയറാണ് ഗൗതം മേനോന്റേത്. കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളയാട് എന്നീ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ജി.വി.എം തന്റെ സാന്നിധ്യമറിയിച്ചു.
ഗൗതം മേനോന്റെ സംവിധാനത്തില്‍ 2013ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ധ്രുവ നച്ചത്തിരം. സൂര്യയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രം പിന്നീട് ചിയാന്‍ വിക്രമിലേക്ക് എത്തുകയായിരുന്നു. 2017ല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം മുടങ്ങുകയും ഒടുവില്‍ ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.
സൂര്യയോട് ധ്രുവനച്ചത്തിരത്തിന്റെ കഥ പറയുന്ന സമയത്ത് അയാള്‍ അത് ചെയ്യുമെന്ന് താന്‍ ശക്തമായി വിശ്വസിച്ചിരുന്നെന്ന് ജി.വി.എം പറഞ്ഞു. എന്നാല്‍ പല ചര്‍ച്ചകളിലും ആ കഥാപാത്രത്തിന്റെ റഫറന്‍സ് എന്താണ് തന്നോട് ചോദിച്ചുകൊണ്ടേയിരുന്നെന്നും അതിന് തനിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും ഗൗതം മേനോന്‍ പറഞ്ഞു.
കാക്ക കാക്കയിലെ പൊലീസ് വേഷവും വാരണം ആയിരത്തിലെ വൃദ്ധന്റെയും ചെറുപ്പക്കാരന്റെയും വേഷം ചെയ്ത സൂര്യ ധ്രുവനച്ചത്തിരത്തിന് ഉറപ്പായും ഓക്കെ പറയുമെന്ന് താന്‍ വിചാരിച്ചെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൂര്യ ആ സിനിമയില്‍ നിന്ന് പിന്മാറിയപ്പോള്‍ താന്‍ അപ്‌സെറ്റായെന്നും ആ സിനിമ എങ്ങനെയെങ്കിലും ജനങ്ങളിലേക്കെത്തണമെന്ന് ആഗ്രഹിച്ചെന്നും ജി.വി.എം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.
‘സൂര്യയോട് ധ്രുവ നച്ചത്തിരത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ വളരെയധികം കോണ്‍ഫിഡന്റായിരുന്നു. കാരണം, കാക്ക കാക്കയിലെ പൊലീസ് ഓഫീസറായും വാരണം ആയിരത്തിലെ വൃദ്ധന്റെ വേഷവും ധൈര്യപൂര്‍വം ചെയ്തയാളാണ് സൂര്യ. വാരണം ആയിരത്തില്‍ യുവാവായും സൂര്യ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ധ്രുവ നച്ചത്തിരത്തിന്റെ കഥയില്‍ എന്താണ് ആ കഥാപാത്രത്തിന്റെ റഫറന്‍സെന്ന് സൂര്യ തന്നോട് ചോദിച്ചുകൊണ്ടേയിരുന്നു.
ആ കഥക്ക് ഞാന്‍ ഒരു റഫറന്‍സും എടുത്തിട്ടില്ല. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് സൂര്യ ആ സിനിമയില്‍ നിന്ന് പിന്മാറി. പക്ഷേ, ആ സിനിമ ഞാന്‍ ഞാന്‍ പൂര്‍ത്തിയാക്കി. എനിക്കറിയാം, ഇത്രയും വര്‍ഷത്തിന് ശേഷം ആ സിനിമക്ക് എന്താകും പ്രസക്തിയെന്ന്?. ആ സിനിമ റിലീസാകുമ്പോള്‍ നിങ്ങള്‍ കണ്ടോളൂ, 13 വര്‍ഷം മുമ്പുള്ള സിനിമയാണെന്ന് പറയുകയേ ഇല്ല. ഇപ്പോള്‍ മദഗജരാജ എന്ന സിനിമക്ക് നല്ല പ്രശംസ കിട്ടുകയാണല്ലോ. അതുപോലെ തന്നെയാകും ധ്രുവ നച്ചത്തിരവും,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
Content Highlight: Gautham Vasudev Menon about Suriya Rejecting Dhruva Natchathiram movie