പറഞ്ഞതു പോലെ അരദിവസത്തെയും പതിനഞ്ച് ദിവസത്തെയും കാമിയോ വന്നു; ചര്‍ച്ചയായി ഖലീഫയിലെ ഐവര്‍ അലക്സാണ്ടര്‍
Malayalam Cinema
പറഞ്ഞതു പോലെ അരദിവസത്തെയും പതിനഞ്ച് ദിവസത്തെയും കാമിയോ വന്നു; ചര്‍ച്ചയായി ഖലീഫയിലെ ഐവര്‍ അലക്സാണ്ടര്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 21st August 2026, 11:14 pm

മലയാള സിനിമയിലെ യുവ അഭിനേതാക്കളില്‍ വലിയ ജനപിന്തുണ നേടിയ നടനാണ് ടൊവിനോ തോമസ്. നായക കഥാപാത്രങ്ങള്‍ക്ക് പുറമെ ചെറുതും വലുതും വ്യത്യസ്തവുമായ ഒട്ടനവധി കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ബാലനിലേതടക്കം ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവന്നത്. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ടെയ്ല്‍ എന്‍ഡില്‍ സര്‍പ്രൈസ് കാമിയോ ആയി ടൊവിനോ പ്രത്യക്ഷപ്പെട്ടത്.

ഖലീഫ. Photo: X.com

ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡില്‍ മോഹന്‍ലാലിന്റെ ഗ്യാങ്സ്റ്റര്‍ കഥാപാത്രം മാമ്പറക്കല്‍ അഹമദ് അലി പ്രത്യക്ഷപ്പെടുന്ന സീനിലാണ് ടൊവിനോയും ഒപ്പം സൗബിന്‍ ഷാഹിറും പ്രത്യക്ഷപ്പെടുന്നത്. ഖലീഫയിലെ വില്ലന്മാരെ യാതൊരു ദയയുമില്ലാതെ കൊലപ്പെടുത്തുന്ന ഐവര്‍ അലക്സാണ്ടര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. താരത്തിന്റെ ലുക്കിനും പ്രകടനത്തിനും വലിയ കൈയടിയും തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു.

റിലീസ് ദിനമായ ഇന്നലെ വൈകീട്ടോടെ തന്നെ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നും മോഹന്‍ലാല്‍ കഥാപാത്രം അഹമദ് അലിയുടെ കഥ പറയുന്ന ചിത്രത്തില്‍ ടൊവിനോയും സൗബിനും പ്രധാനവേഷത്തിലെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു. ഖലീഫ പാര്‍ട്ട് 2 ലെഗസിയില്‍ താരത്തെ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഖലീഫയിലെ കാമിയോ സീന്‍ വൈറലായതിന് പിന്നാലെ ടൊവിനോ നല്‍കിയ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ടൊവിനോ നായകനായി അടുത്തിടെ പുറത്തിറങ്ങിയ പള്ളിച്ചട്ടമ്പിയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെയാണ് താന്‍ കാമിയോ റോള്‍ ചെയ്ത ചിത്രങ്ങളെ കുറിച്ച് ടൊവിനോ സൂചന നല്‍കിയത്.

ഖലീഫ. Photo: Tovino Thomas/ Facebook.com

ഒരു പടത്തില്‍ പതിനഞ്ച് ദിവസം അഭിനയിച്ചിട്ടുണ്ടെന്നും അത് അടിപൊളിയാണെന്നും മറ്റൊന്നില്‍ രണ്ട് ദിവസവും വേറൊരു ചിത്രത്തില്‍ അര ദിവസവും അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞത്. എന്നാല്‍ ഏത് ചിത്രങ്ങളാണ് ഇവയെന്ന് താപം പറഞ്ഞിരുന്നില്ല. ബാലനും ഖലീഫയും വന്നതോടെ രണ്ട് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലായിരിക്കുകയാണ്. സമാനമായി അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂസിലും ടൊവിനോ കാമിയോ റോളിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Tovino Thomas’s old interview goes viral in wake of Khalifa movie relase

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.