ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തി വളരെ വേഗത്തില്‍ മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച നടനാണ് ടൊവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ ടൊവിനോ മികച്ച സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ശ്രമിക്കുന്നത്.
അന്യഭാഷകളില്‍, പ്രത്യേകിച്ച് തമിഴില്‍ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ടൊവിനോ തോമസ്. തമിഴില്‍ മികച്ച നടന്മാര്‍ ഒരുപാടുണ്ടെന്ന് ടൊവിനോ പറഞ്ഞു. ആഗ്രഹത്തിന് പുറത്ത് തമിഴില്‍ ഒരു സിനിമ ചെയ്യാന്‍ ഇതുവരെ തോന്നിയിട്ടില്ലെന്നും അത് ശരിയായ കാര്യമല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘മാരി 2വില്‍ ഞാന്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, നായകനായി ഇതുവരെ ഒരൊറ്റ തമിഴ് സിനിമയും ചെയ്തിട്ടില്ല. ഇവിടെ തമിഴില്‍ നല്ല കഴിവുള്ള, നന്നായി അഭിനയിക്കുന്ന ഒരുപാട് നടന്മാരുണ്ട്. അവരുടെ ഇടയില്‍ ഞാന്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതിന്റെ കഥ അത്രമാത്രം എനിക്ക് കണ്‍വിന്‍സാകണം. എന്തിന് ഞാന്‍ ആ കഥാപാത്രം ചെയ്യണം എന്നുള്ള കാര്യത്തില്‍ ഒരു വ്യക്തത വേണം.
തമിഴില്‍ ഒരു സിനിമ ചെയ്‌തേക്കാം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരിക്കലും ഒരു സിനിമ കേറി ഏല്‍ക്കില്ല. ആ കഥാപാത്രം ഞാന്‍ ചെയ്യണമെന്ന ഡിമാന്‍ഡുണ്ടാകണം. അത് ഞാന്‍ തന്നെ ചെയ്യണമെന്ന ചിന്ത എനിക്കും ഉണ്ടായാല്‍ മാത്രമേ തമിഴില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുള്ളൂ. അതിന് വേണ്ടി കാത്തിരിക്കുകയാണ്.
മലയാളത്തില്‍ ഞാന്‍ കുറച്ച് സിനിമകളുടെ തിരക്കിലാണ്. അതില്‍ എനിക്ക് ബ്രേക്ക് ലഭിക്കുമ്പോള്‍ കുടുംബത്തിന്റെ കൂടെ ആ സമയം ചെലവഴിക്കണമെന്നാണ് കരുതുന്നത്. ജീവിതത്തിന്റെ ബാക്കി ഏരിയകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നും ആഗ്രഹമുണ്ട്. അതിനിടയില്‍ നല്ലൊരു കഥ കിട്ടുമ്പോള്‍ തമിഴില്‍ സിനിമ ചെയ്യും,’ ടൊവിനോ തോമസ് പറഞ്ഞു.
ടൊവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ഇഷ്‌കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരത്തെയും വെടിവെപ്പിനെയും ആസ്പദമാക്കിയാണ് ഒരുങ്ങിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യദിനം ലഭിച്ചത്. ടൊവിനോയുടെ അടുത്ത സോളോ ഹിറ്റായി നരിവേട്ട മാറുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Tovino Thomas explains why he didn’t concentrate in Tamil movies