രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലോഹം. മോഹന്‍ലാല്‍ നായകനായ സിനിമയില്‍ ടിനി ടോമും അഭിനയിച്ചിരുന്നു. തൃശൂരുകാരനായ ജേക്കബ് എന്ന കഥാപാത്രമായിട്ടായിരുന്നു അദ്ദേഹം ലോഹത്തില്‍ എത്തിയത്. ഇപ്പോള്‍ തന്നെ സംവിധായകന്‍ ഈ സിനിമയിലേക്ക് വിളിച്ചതിനെ കുറിച്ചും സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചും പറയുകയാണ് ടിനി ടോം.
പെട്ടെന്ന് ഒരു ദിവസം സംവിധായകന്‍ രഞ്ജിത്ത് തന്നെ വിളിക്കുകയായിരുന്നെന്നും അന്ന് എയര്‍പോര്‍ട്ടിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നതെന്നും ടിനി ടോം പറയുന്നു. അന്ന് അവിടെ നിറയെ ആളുകള്‍ ഉണ്ടായിരുന്നെന്നും വെടിക്കെട്ടിന്റെ ഇടയില്‍ പട്ടി പെട്ടത് പോലെയുള്ള അവസ്ഥയിലായിരുന്നു താനെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടിനി ടോം.
‘ലോഹം എന്ന സിനിമയില്‍ ലാലേട്ടനാണ് നായകനായി അഭിനയിക്കുന്നത്. പെട്ടെന്ന് ഒരു ദിവസം രഞ്ജിത്ത് സാര്‍ എന്നോട് ലൊക്കേഷനിലേക്ക് വരാന്‍ പറഞ്ഞു. അന്ന് എയര്‍പോര്‍ട്ടിലായിരുന്നു ഷൂട്ടിങ് നടക്കുന്നത്. ഞാന്‍ നേരെ അവിടേക്ക് ചെന്നു. അവിടെ എത്തിയപ്പോള്‍ ചുറ്റും ഒരു ലക്ഷം ആളുകളുണ്ട്. നിറയെ ആളുകളാണ്. എല്ലായിടത്തും ക്യാമറയുണ്ടായിരുന്നു.
ഞാന്‍ വെടിക്കെട്ടിന്റെ ഇടയില്‍ പട്ടിയൊക്കെ പെട്ട ഒരു അവസ്ഥയിലായി. കാരണം എന്താണ് ആ കഥാപാത്രമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ രഞ്ജിത്ത് സാര്‍ എന്നെ അടുത്തേക്ക് വിളിച്ചു. ‘നീ ഒരു കള്ളുകുടിയനാണ്. നീ ഇടക്കിടയ്ക്ക് ലാലേട്ടനെ വിളിച്ച് ശല്യം ചെയ്യുന്ന ഒരു കഥാപാത്രമാണ്. അങ്ങനെ ആദ്യമായി നിങ്ങള്‍ പരസ്പരം കാണുന്നത് ഇവിടെ വെച്ചാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കൂടെ ആ സീന്‍ ഒറ്റ ടേക്കില്‍ ചെയ്യാനും പറഞ്ഞു. അത് കേട്ടതോടെ എന്റെ കണ്ണൊക്കെ തള്ളി. കാരണം രാത്രി രണ്ട് മണിക്കാണ് ഷൂട്ടിങ്. നില്‍ക്കുന്നത് ലാലേട്ടന്റെ മുന്നിലാണ്. ലാലേട്ടന്‍ ഒരുപാട് ഇറിട്ടേറ്റഡായിരുന്നു. അവസാനം ഞാന്‍ അഭിനയിച്ചു തുടങ്ങി. ഒരൊറ്റ ടേക്കില്‍ തന്നെ ഞാന്‍ അത് ഓക്കെയാക്കി. ക്യാമറ പല സ്ഥലത്തായിരുന്നു വെച്ചത്. അപ്പോള്‍ കണ്ടിന്യൂറ്റിയൊക്കെ നോക്കണമായിരുന്നു,’ ടിനി ടോം പറഞ്ഞു.
കേരളത്തിലെ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ചിത്രമായിരുന്നു ലോഹം. മോഹന്‍ലാലിനൊപ്പം ആന്‍ഡ്രിയ ജെര്‍മിയ, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അജ്മല്‍ അമീര്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ഈ സിനിമ 2015ലെ ഓണ ചിത്രമായാണ് തിയേറ്ററില്‍ എത്തിയത്. കൊച്ചി, കോഴിക്കോട്, ദുബായ് എന്നിവിടങ്ങളിലായാണ് ലോഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Content Highlight: Tini Tom Talks About Mohanlal’s Loham Movie