ശ്രീനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന് വേണ്ടത് അമിത് ഷായെ പോലുള്ള അധ്യക്ഷനെയാണെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. നരേന്ദ്രമോദിയ്ക്ക് വിജയാശംസകള്‍ നേരുന്നുവെന്നും ഈ ദിവസം ബി.ജെ.പിയ്ക്കും സഖ്യകക്ഷികള്‍ക്കും അവകാശപ്പെട്ടതാണെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

അതേസമയം മെഹബൂബ മുഫ്തിയും തന്റെ കുടുംബ മണ്ഡലമായ അനന്ത്നാഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയായ ഹുസ്നെയിന്‍ മസൂദിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗുലാം അഹമ്മദ് മിര്‍ ആണ് രണ്ടാമത്. ബി.ജെ.പി ഇവിടെ നാലാമതാണ്.

സംസ്ഥാനത്തെ ആറിടങ്ങളില്‍ മൂന്ന് സ്ഥലത്ത് നാഷണല്‍ കോണ്‍ഫറന്‍സും രണ്ടിടത്ത് ബി.ജെ.പിയും ഒരു സ്ഥലത്ത് സ്വതന്ത്രനുമാണ് ലീഡ് ചെയ്യുന്നത്.

തോല്‍വി അംഗീകരിക്കുന്നതായി മെഹബൂബ മുഫ്തി പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് തന്നോട് എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും മെഹബൂബ മുഫ്തി പറഞ്ഞു.