തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ആദ്യ ദിനം തൊട്ട് ബോക്സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്ന ചിത്രം 150 കോടിക്കുമുകളില്‍ കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. തുടര്‍ച്ചയായി 10 ദിവസം കേരളത്തില്‍ നിന്ന് ആറ് കോടിക്ക് മുകളില്‍ സ്വന്തമാക്കിയ ചിത്രം ഇനിയും പല റെക്കോഡുകളും തകര്‍ക്കുമെന്ന് ഉറപ്പാണ്.
ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ നേടിയെന്ന പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാളസിനിമയിലെ നാഴികക്കല്ലായ അച്ചീവ്‌മെന്റാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. കേരളത്തില്‍ നിന്ന് മാത്രം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോഡ് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018നാണ്. 88.7 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
ഇതിന് പിന്നാലെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ വിമര്‍ശിച്ച് കളക്ഷന്‍ ട്രാക്കിങ് പേജുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. കളക്ഷനെല്ലാം കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ഇക്കാലത്തും ഇതുപോലുള്ള പഴയ ടെക്‌നിക് ആവശ്യമാണോ എന്നാണ് ട്രാക്കിങ് പേജായ സൗത്ത്‌വുഡ് പോസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്ന് 100 കോടി നേടാന്‍ തുടരും എന്ന സിനിമക്ക് അര്‍ഹതയുണ്ടെന്നും എന്നാല്‍ അതിന് കുറച്ചുകൂടി കാത്തിരിക്കണമെന്നും സൗത്ത്‌വുഡ് അഭിപ്രായപ്പെട്ടു.
എന്നാല്‍ റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 80 കോടി മാത്രമാണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. ഇന്‍ഡസ്ട്രി ഹിറ്റ് ടാഗ് സ്വന്തമാക്കാന്‍ ഇനിയും 10 കോടി കൂടി ചിത്രത്തിന് ആവശ്യമാണ്. ഇനിയുള്ള ഒരാഴ്ച കൊണ്ട് ആ നേട്ടം തുടരും സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയ എമ്പുരാന് പോലും കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ സാധിച്ചിരുന്നില്ല. 86 കോടിയില്‍ എമ്പുരാന്റെ കളക്ഷന്‍ അവസാനിച്ചിരുന്നു. എമ്പുരാന് സാധിക്കാത്തത് തുടരും എന്ന ചിത്രത്തിലൂടെ നേടാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 90, 100 കോടി കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യചിത്രമായി തുടരും മാറുമെന്നാണ് ട്രാക്കര്‍മാര്‍ കരുതുന്നത്.
As mentioned earlier, production houses like @Rejaputhra_VM are stuck with outdated promotion tactics.
If you’re already crossing ₹100 Cr from Kerala, why exaggerate the numbers? It damages your goodwill, @talk2tharun.
ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. ഇവര്‍ക്ക് പുറമെ പ്രകാശ് വര്‍മ, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. കെ.ആര്‍. സുനിലിന്റേതാണ് ചിത്രത്തിന്റെ കഥ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Thudarum movie makers released a poster claiming the movie earned 100 crore from Kerala