കണ്ടാലറിയാത്തവർ കൊണ്ടാലറിയും; ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാർക്ക് മറുപടിയുമായി സി.പി.ഐ മുഖപത്രം
Kerala
കണ്ടാലറിയാത്തവർ കൊണ്ടാലറിയും; ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാർക്ക് മറുപടിയുമായി സി.പി.ഐ മുഖപത്രം
മുഹമ്മദ് നബീല്‍
Monday, 13th April 2026, 2:09 pm

തിരുവനന്തപുരം: ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെ വിമർശനുമായി സി.പി.ഐ മുഖപത്രം ജനയുഗം. ഇന്ന് (തിങ്കൾ) പ്രസിദ്ധീകരിച്ച പത്രത്തിലാണ് സഭയ്‌ക്കെതിരെ രൂക്ഷഭാഷയിൽ സി.പി.ഐ പ്രതികരിച്ചത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ബി.ജെ.പി നിലപാടെടുത്തപ്പോഴും പല കാരണങ്ങൾകൊണ്ടും ബി.ജെ.പിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച സഭാ നേതൃത്വത്തിന് ഇപ്പോൾ തിരിച്ചടിയായെന്നും, കണ്ടാലറിയാത്തവർ കൊണ്ടാലറിയും എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധമാണ് സഭകളുടെ ഇപ്പോഴത്തെ അവസ്ഥയെന്നും പത്രത്തിൽ പറയുന്നു.

വൈകിയെങ്കിലും വന്ന തിരിച്ചറിവ് സ്വാഗതാർഹമാണെന്ന് പറഞ്ഞ പത്രം പി.സി ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും സ്വാർത്ഥ താത്പര്യങ്ങളെയും തുറന്നുകാട്ടി.

ക്രിസ്ത്യൻ സമുദായത്തെ സംഘപരിവാറിന്റെ ആലയിലേക്ക് അടിച്ചുതളിക്കാൻ അച്ചാരം വാങ്ങിയ കോടികൾക്ക് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ കണക്ക് പറയേണ്ടിവരുമെന്ന് വന്നതോടെയാണ് അവർ നികൃഷ്ട പ്രയോഗങ്ങൾ നടത്തിയതെന്നും ലേഖനത്തിൽ പറയുന്നു.

പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാതെവന്നപ്പോഴാണ് ബി.ജെ.പി മത പ്രീണനം നടത്തി വേരുറപ്പിക്കാമെന്ന ധാരണയിൽ കേരളാ രാഷ്ട്രീയത്തിലെ ഗതികിട്ടാ പ്രേതമായ പി.സി ജോർജിനെയും മകനെയും ഉപയോഗിച്ച് അരമനയിലും സാമുദായിക സ്ഥാനങ്ങളിലും കയറി കൂടിയതെന്നും പത്രം കൂട്ടിച്ചേർത്തു.

ഇടക്കാലത്ത് സംഘപരിവാറിന് അനുകൂലമായി നിലപാടെടുത്ത സഭാ എഫ്.സി.ആർ.എ ബിൽ വന്നതോടെ അങ്കലാപ്പിലായിരിക്കുകയാണെന്നും, ഈ ബില്ലിലൂടെ സഭകളുടെ സാമ്പത്തിക സ്രോതസുകൾക്ക് പൂട്ടിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി സഭാനേതൃത്വത്തിനെതിരെ തിരിഞ്ഞപ്പോഴും കന്യാസ്ത്രീകളെയും മിഷനറിമാരെയും ക്രൂരമായി പീഡിപ്പിക്കുകയും തുറുങ്കിലടക്കുകയും ചെയ്തപ്പോഴും കേരളത്തിലെ മെത്രാന്മാർ പ്രതികരിച്ചില്ലെന്നും അപ്പോഴും അതിനെതിരെ ശബ്‌ദിച്ചത് ഇടത് സംഘടനകളായിരുന്നെന്നും പത്രം ഓർമിപ്പിച്ചു.

Content Highlight: Those who don’t know by seeing will know by hearing; CPI mouthpiece responds to Christian church presidents

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം