പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. മഹാഗഡ്ബന്ധന് ലഭിച്ച തിരിച്ചടിക്ക് പിന്നില്‍ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ബീഹാറില്‍ എസ്.ഐ.ആര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിരവധി പരാതികള്‍ അവഗണിക്കപ്പെട്ടുവെന്നും ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്നും ഉദിത് രാജ് ആരോപിച്ചു.
തെരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന്റെ വിജയത്തേക്കാള്‍ എസ്.ഐ.ആറിന്റെ വിജയമെന്നാണ് വിശേഷിപ്പിക്കാനാവുക.
‘വോട്ടെണ്ണലില്‍ എസ്.ഐ.ആര്‍ ലീഡ് ചെയ്യുകയാണ്. ഈ വിജയം എന്‍.ഡി.എയുടെതാണെന്ന് പറയാനാകില്ല. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും എസ്.ഐ.ആറിന്റെയും വിജയമാണ്. വോട്ടര്‍ പട്ടിക പരിശോധിച്ച് ലക്ഷക്കണക്കിന് പൊരുത്തക്കേടുകളാണ് ചൂണ്ടിക്കാണിച്ചത്.
എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്നിന് പോലും മറുപടി നല്‍കിയില്ല. 89 ലക്ഷത്തോളം പരാതി ഉയര്‍ന്നിട്ടും ഒരു പരാതി പോലുമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.
ഇത്രയേറെ ജനങ്ങള്‍ വഞ്ചിക്കപ്പെടുമ്പോള്‍ നമുക്കെന്ത് ചെയ്യാനാകും ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്,’ ഉദിത് രാജ് എന്‍.ഐ.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നവരുടെ വോട്ടുകള്‍ ഇല്ലാതാക്കി. ഡിജിറ്റല്‍ സ്ലിപ്പുകള്‍ ഉണ്ടായിരുന്നിട്ടും ആയിരക്കണക്കിന് വോട്ടര്‍മാരെ തിരിച്ചയച്ചു. ബീഹാറില്‍ മാറ്റത്തിന്റെ ഒരു തരംഗം ഉണ്ടായെന്നത് സത്യമാണ്.
ബി.ജെ.പി നേതാക്കളെ പല സ്ഥലങ്ങളിലും ആളുകള്‍ ഓടിക്കുന്നതാണ് കാണാനായത്. എന്നിട്ടും അവരെങ്ങനെയാണ് വിജയിച്ചത്? ഇത് എസ്.ഐ.ആറിന്റെ വിജയമാണെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.