സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ നിർമിക്കാൻ ആളില്ല; നിർമാതാക്കൾക്ക് പേടിയാണ്: അനന്യ
Malayalam Cinema
സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ നിർമിക്കാൻ ആളില്ല; നിർമാതാക്കൾക്ക് പേടിയാണ്: അനന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th October 2025, 11:23 am

പോസിറ്റീവ് എന്ന ചിത്രത്തിലൂടെ കടന്നുവന്ന നടിയാണ് അനന്യ. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അവർ അഭിനയിച്ചു. ഇപ്പോൾ സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ നിർമിക്കാൻ ആളില്ലെന്ന് നടി പറയുന്നു.

എങ്ങനെ മാർക്കറ്റ് ചെയ്യുമെന്നും പ്രേക്ഷകർ സ്വീകരിക്കുമോ എന്നടക്കമുള്ള ഭയമാണ് നിർമാതാക്കൾക്കുള്ളതെന്നും അനന്യ പറഞ്ഞു. അത്തരം സിനിമകളുടെ തുടക്കമായിരുന്നു ജയ ജയ ജയ ഹേ പോലുള്ള ചിത്രങ്ങളെന്നും നടി കൂട്ടിച്ചേർത്തു.

‘ഞാൻ കാത്തിരിക്കുന്നത് നല്ല കഥാപാത്രങ്ങൾ വരാൻ വേണ്ടിയാണ്. സ്ത്രീ കേന്ദ്രീകൃതമായ സിനിമകളിൽ പ്രൊഡക്ഷൻസ് ഇനിഷ്യേറ്റീവ് എടുക്കാനുള്ള ബുദ്ധിമുട്ട് ഞാൻ കണ്ടിട്ടുണ്ട്. എനിക്കത് പറയാൻ ബുദ്ധിമുട്ടുണ്ട്.

ഫീമെയിൽ സബ്‌ജെക്ട് എന്നുപറയുമ്പോൾ അവർക്കൊരു പേടിയാണ്. ഇതെങ്ങനെ മാർക്കറ്റ് ചെയ്യും, എങ്ങനെ ബഡ്‌ജെക്ട് കവർ ചെയ്യാൻ പറ്റും, ഇത് പ്രേക്ഷകർ കാണുമോ, സ്വീകരിക്കുമോ എന്നൊക്കെയുള്ള ഭയമുണ്ട്. അതൊരു സത്യമാണ്.

കഴിഞ്ഞ കൊല്ലം ആറുസിനിമയുടെ കഥ കേട്ടിട്ടുണ്ട്. എല്ലാം ഫീമെയിൽ സബ്‌ജെക്ടാണ്. ഇനി ഈ കഥകൾക്ക് പ്രൊഡ്യൂസറെ നോക്കുമ്പോൾ എല്ലാവരും പിൻമാറുകയാണ് ചെയ്യുന്നത്. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല,’ അനന്യ പറയുന്നു.

എന്തെങ്കിലും ഇനിഷ്യേറ്റീവ് എടുത്ത് മുന്നോട്ട് വന്നാൽ മാത്രമേ ഇവിടെ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂ… ഇനി ഒരു രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഫീമെയിൽ സബ്‌ജെക്ട് വരും. അതിനൊരു തുടക്കമായിരുന്നു ജയ ജയ ജയ ജയ ഹേ പോലുള്ള ചിത്രങ്ങൾ. സൂക്ഷ്മദർശിനി വന്നു, ലോകഃ വന്നു, റിമയുടെ ചിത്രം വരുന്നു ഇനിയും വരുമെന്നും അനന്യ കൂട്ടിച്ചേർത്തു. എന്നാൽ ഇത്തരം സിനിമകൾക്ക് വേണ്ടി പ്രൊഡ്യൂസേഴ്‌സ് കൂടി മുന്നിട്ടിറങ്ങണമെന്നും നടി കൂട്ടിച്ചേർത്തു.

Content Highlight: There is no one to make women-centric films; producers are afraid: Ananya