ഒരു കാലത്തുമില്ലാത്ത ശാന്തതയിലും സമാധാനത്തിലും യു.ഡി.എഫില്‍ സീറ്റ് വിഭജനം നടന്നുവെന്ന് ചെന്നിത്തല; ഇതാണോ ശാന്തതയെന്ന് സിന്ധു സൂര്യകുമാര്‍
Kerala News
ഒരു കാലത്തുമില്ലാത്ത ശാന്തതയിലും സമാധാനത്തിലും യു.ഡി.എഫില്‍ സീറ്റ് വിഭജനം നടന്നുവെന്ന് ചെന്നിത്തല; ഇതാണോ ശാന്തതയെന്ന് സിന്ധു സൂര്യകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th March 2021, 1:00 pm

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇപ്പോള്‍ വലിയ ഗ്രൂപ്പ് വഴക്കുകളോ പ്രശ്‌നങ്ങളോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയമെടുത്താല്‍ തന്നെ ഇത് മസിലാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസില്‍ സിന്ധു സൂര്യകുമാറുമായി നടത്തിയ അഭിമുഖത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.

” പാര്‍ട്ടിയില്‍ ഇപ്പോള്‍ വലിയ ഗ്രൂപ്പ് വഴക്കുകളോ പ്രശ്‌നങ്ങളോ ഒന്നുമില്ല. നിങ്ങള്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം എടുത്ത് പരിശോധിക്കൂ. ഒരു കാലത്തുമില്ലാത്ത ശാന്തതയോടെയും സമാധാനത്തോടെയും യു.ഡി.എഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി,” രമേശ് ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ പരാമര്‍ശത്തിന് പിന്നാലെ ” ഇത് ശാന്തതയും സമാധാനവുമാണോ ഇത്തവണ നമ്മള്‍ കണ്ടത്” എന്ന് സിന്ധു സൂര്യകുമാര്‍ ചോദിച്ചു. ഇതിന് മറുപടിയായി പൂര്‍ണമായിട്ടും അതെ, യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എവിടെയാണ് കുഴപ്പം ഉണ്ടായത്. ഏതെങ്കിലും ഒരു ഘടകകക്ഷി പരസ്യമായി പ്രസ്താവന കൊടുക്കുകയോ പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്‌തോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

” സാധാരണ നിലയില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ കോളിളക്കം ഉണ്ടാകുന്നതാണ്. ഇത്തവണ അതൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എവിടെയാണ് ഗ്രൂപ്പ് വഴക്ക് ഉണ്ടായത്. എവിടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സ്ഥലങ്ങളൊഴിച്ചാല്‍ വേറെ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല,” കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത് സി.പി.ഐ.എമ്മിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് ഇത്തവണ മെറിറ്റിനാണ് പ്രധാന്യം നല്‍കിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഒരു നിശബ്ദ വിപ്ലവമാണ് നടന്നത്. 55 ശതമാനം സീറ്റും പുതുമുഖങ്ങള്‍ക്കാണ് നല്‍കിയത്. പരിചയ സമ്പന്നരെ തഴയാതെ അവരെയും ഉള്‍പ്പെടുത്തി. കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം നിശബ്ദമായി ഉണ്ടാകുന്നു എന്നത് അഭിനന്ദാനാര്‍ഹമായ കാര്യമല്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: There is no Group Rivalry in Congress says chennithala in Sindu Suryakumar’s Interview