ചുകപ്പ് കുപ്പായമിട്ട തപസ്യയാണ് പു.ക.സ
Discourse
ചുകപ്പ് കുപ്പായമിട്ട തപസ്യയാണ് പു.ക.സ
താഹ മാടായി
Friday, 26th March 2021, 11:45 am

കേരളത്തില്‍ പുരോഗമന കലാസാഹിത്യ സംഘത്തില്‍ നിന്ന് ഇറങ്ങിപ്പോയ ഒരാളുണ്ട്, എം.എന്‍. വിജയന്‍.

ഉറങ്ങിപ്പോയവരെയും ഉറക്കം നടിച്ചവരെയും ഉണര്‍ത്തിയാണ് വിജയന്‍ മാഷ് ആ സ്ഥലം വിട്ടത്. എന്താണ് വിജയന്‍ മാഷ് ഏറ്റവും കൂടുതല്‍ പറയാന്‍ ശ്രമിച്ചത്? ഫാസിസത്തിനെതിരെ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കുക. നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന ഒന്നാണ് ഫാസിസത്തിനെതിരെയുള്ള സമരമെഴുത്തുകള്‍, തുടര്‍ ചലനങ്ങള്‍.

വിജയന്‍ മാഷ് ഫാസിസത്തിനെതിരെ നടത്തിയ പ്രഭാഷണങ്ങള്‍ പിന്നീട് ലഘുലേഖയായി പുറത്തിറങ്ങി. എല്ലാതരം വരേണ്യതകളോടും മാഷ് കലഹിച്ചിരുന്നു. ബഷീറും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും മാഷുടെ ഹൃദയം കവര്‍ന്ന വാക്കുകളായി മാറിയത്, വരേണ്യതയെ അവര്‍ വാതില്‍പ്പുറത്തു നിര്‍ത്തി എന്നതു കൊണ്ടുമാണ്. ‘ചുകപ്പാ’യിരുന്നു, അവരുടെ ഉള്ളിലുണ്ടായിരുന്ന ദര്‍ശനം.

ചുകപ്പ്, ഒരു കൊടിയുടെ അടയാളം മാത്രമല്ല. തുല്യത, വിപ്ലവം, തുടങ്ങി സമത്വസുന്ദരമായ ചില ആശയങ്ങള്‍ കൂടി അത് മുന്നോട്ടു വെക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ‘ബലി കുടീര’ങ്ങള്‍, രക്തസാക്ഷികള്‍ക്കായുള്ള ആദരാഞ്ജലികള്‍ – ഇവയിലെല്ലാം ‘ഹിന്ദുത്വ പ്രതീകങ്ങള്‍’ ആണ് മുന്നില്‍ നില്‍ക്കുന്നത് എന്ന ആരോപണം വളരെ മുന്നേ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാലും, ആ ചുകപ്പ്, കാവിയല്ല.

പു.ക.സ യില്‍ എത്ര മുസ്‌ലിം എഴുത്തുകാരുണ്ട് എന്നു ചോദിച്ചാല്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നതിന് തുല്യമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന സംലടനയായ ‘സോളിഡാരിറ്റി’യില്‍ എത്ര ഹിന്ദു എഴുത്തുകാരുണ്ട് എന്ന് ചോദിക്കുന്നത് പോലെ മാത്രമാണത്. സര്‍ഗാത്മകതയില്‍ വര്‍ഗീയതയുടെ കാനേഷുമാരി എടുക്കുകയല്ല. എന്നാല്‍, വ്യക്തികളും സംഘടനകളും മാറ്റുരച്ചു നോക്കപ്പെടുന്ന ചില രാഷ്ട്രീയ സന്ദര്‍ഭങ്ങളുണ്ട്.

അപ്പോള്‍ വ്യക്തികളുടെ/സംഘടനകളുടെ ‘സ്വത്വം’ സത്യസന്ധമായി പുറത്തുവരും. (വര്‍ഷങ്ങള്‍ക്ക് മുമ്പ് പു.ക.സ ‘സെക്കുലര്‍ കലണ്ടര്‍’ ഇറക്കിയപ്പോള്‍ അതില്‍ മിക്കവാറും ആഘോഷങ്ങള്‍ അവധി ദിനമായി അടയാളപ്പെടുത്തിയിരുന്നു. മുസ്‌ലിങ്ങളുടെ ആഘോഷമായ രണ്ട് പെരുന്നാളുകള്‍ അതില്‍ അടയാളപ്പെടുത്തിയില്ല.

ജയ്‌ദേവ് കെ.വി. എഡിറ്ററായ ‘വായന’യില്‍ അതേക്കുറിച്ച് ഈ ലേഖകന്‍ ഒരു വിമര്‍ശനക്കുറിപ്പ് എഴുതിയിരുന്നു. അതുവായിച്ച് ഒരു ഇടത് സുഹൃത്ത് ചോദിച്ചു: ‘താഹ ഒരു മാപ്പിളയാണല്ലെ? ബീഫ് കഴിക്കുന്ന മാപ്പിള’? വ്യക്തി ജീവിതത്തില്‍ വളരെ സത്യസന്ധരായ എത്രയോ പേര്‍ ഉള്ള പ്രസ്ഥാനമാണ് പു.ക.സ എങ്കിലും, ചിലപ്പോഴെങ്കിലും, പു.ക.സ ചുകപ്പു കുപ്പായമിട്ട ‘തപസ്യ’യാണ്.

ഇത് പറയുന്നത്, അവര്‍ നിര്‍മ്മിക്കുകയും പിന്‍വലിക്കുകയും ചെയ്ത രണ്ട് ഷോട്ട് ഫിലിമുകളെ അടിസ്ഥാനപ്പെടുത്തിയാണ്. ‘പിന്‍വലിച്ചതു’കൊണ്ട് സംഘടനാ തലത്തില്‍ അത് റദ്ദാക്കപ്പെട്ടു എന്നു സാങ്കേതികമായി പറയാം. എന്നാല്‍, അവര്‍ ചിത്രീകരിച്ച പ്രമേയം ‘സാങ്കേതിക’മായ ഒരു പിന്‍വലിക്കലിലൂടെ തീരുന്ന പ്രശ്‌നമല്ല. മലയാളി സവര്‍ണ ഹിന്ദുവിന്റെ വ്യാജമായ ആത്മനൊമ്പരമാണ് അവയുടെ പ്രമേയം.

ദിവസവും മാതൃഭൂമി പത്രം വായിച്ചില്ലെങ്കില്‍ കൈ വിറക്കുന്ന, ചിലര്‍ ലഹരി പോലെ ഉള്ളില്‍ പേറുന്ന അതേ സവര്‍ണ നൊമ്പരങ്ങള്‍. പ്രിയപ്പെട്ട കെ.ഇ.എന്‍ താങ്കള്‍ മുമ്പ് പറഞ്ഞ ഒരു പ്രസ്താവന ഓര്‍ക്കുകയാണ്, പുറമേ ചെഗുവേര, ഉള്ളില്‍ പൂന്താനം- പു.ക.സ യാണ് ഈ വിരുദ്ധോക്തിയില്‍ അറം പറ്റിയ പോലെ വന്നു വീണത്. ബ്രാഹ്മണ്യമാണ് ഇന്ത്യയുടെ ഉറപ്പ് എന്നാണോ പു.ക.സ പറയാന്‍ ശ്രമിക്കുന്നത്? അല്ല, ബ്രാഹ്മണ്യമാണ് ഇന്ത്യന്‍ പൈതൃകം എന്നാണോ പറയാന്‍ ശ്രമിക്കുന്നത്? നമ്പൂരിത്തമാണ് കേരളീയത എന്നാണോ പറയുന്നത്?

പു.ക.സ നിര്‍മ്മിക്കുകയും ചിലരെ കാണിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത രണ്ട് ഷോട്ട് ഫിലിമുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പര പുച്ഛവും അപരത്വ നിര്‍മ്മിതിയും ഹിന്ദുത്വത്തിന്റെ പ്രചാരവേലയുമാണ്.

രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം, കണ്ണൂര്‍ ആയിക്കര ഹാര്‍ബറില്‍ എല്‍.ഡി.എഫ് സമീര്‍ ബിന്‍സിയുടെ ‘സൂഫി ഖവാലി’ അവതരിപ്പിക്കുകയാണ്. ഉള്ളില്‍ കാവിയുടെ വ്യാജ നൊമ്പരങ്ങള്‍ പേറി അലയുന്ന പു.ക.സ സുഹൃത്തേ, തിങ്കളാഴ്ച കണ്ണൂരിലേക്ക് വരൂ… ഞങ്ങളോടൊപ്പമിരുന്ന് കേള്‍ക്കൂ, ഈ ഖവാലി. അങ്ങനെ നിറം കൊണ്ടു മാത്രമല്ല, ബോധം കൊണ്ടുമാകൂ, ചുകപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thaha Madayi writes about pukasa

താഹ മാടായി
എഴുത്തുകാരന്‍