പാരിസ്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് അടുത്ത ആഴ്ച നടക്കാനിരുന്ന ഉന്നതതല യു.എന്‍ സമ്മേളനം മാറ്റിവച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഇസ്രഈലിനും ഫലസ്തീനും വേണ്ടിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുമുള്ള ചര്‍ച്ചകളും ഈ സമ്മേളനത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ ചില ഫലസ്തീന്‍ പ്രതിനിധികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് ദ്വിരാഷ്ട്ര സമ്മേളനം മാറ്റിവച്ചതെന്ന് മാക്രോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എത്രയും വേഗം സമ്മേളനം നടത്തുമെന്നും സമ്മേളനത്തിന്റ പുതിയ തീയതിയെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 17 മുതല്‍ 20 വരെ ന്യൂയോര്‍ക്കിലെ യു.എന്‍ ജനറല്‍ അസംബ്ലി ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തില്‍ ഫ്രാന്‍സും സൗദി അറേബ്യയും സംയുക്തമായി അധ്യക്ഷത വഹിക്കേണ്ടതായിരുന്നു. ഫലസ്തീന് ആശ്വാസമാകുന്ന തീരുമാനങ്ങള്‍ ഈ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന റിപ്പോട്ടുകളുണ്ടായിരുന്നു.
ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത് സമ്മേളനത്തിന്റെ പ്രധാന അജണ്ടയാകും എന്ന് സൂചനയുണ്ടായിരുന്നു. ഇതുവരെ, 193 യുഎന്‍ അംഗരാജ്യങ്ങളില്‍ 145ലധികം രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനത്തെ നിരസിച്ച ഇസ്രഈല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു.
സമ്മേളനം മാറ്റിവച്ചെങ്കിലും, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തന്റെ ആഗ്രഹം മാക്രോണ്‍ ആവര്‍ത്തിച്ചു. എന്നാല്‍ പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷത്തില്‍ ഫ്രാന്‍സ് ഇസ്രഈലിനെ സംരക്ഷിക്കാനും സഹായിക്കാനും തയ്യാറാണെന്നും മാക്രോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്രാരം ഇസ്രഈലിനെ സഹായിക്കുന്ന രാജ്യങ്ങളുടെ ഇസ്രഈലിലെ മിലിട്ടറി കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗസയില്‍ ഇസ്രഈല്‍ യുദ്ധമാരംഭിച്ചത് മുതല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യു.കെയും ഫ്രാന്‍സും സമ്മര്‍ദം നേരിട്ടിരുന്നു. തുടര്‍ന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് സംബന്ധിച്ച് ജൂണില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചിരുന്നു.
ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നതെന്നും മാക്രോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൗദി അറേബ്യയുമായി സഹകരിച്ച് നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് മാക്രോണ്‍ പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ പിന്നീട് സമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി ഉണ്ടാകില്ലെന്ന് അറിയിച്ച് ഫ്രാന്‍സിലെയും ബ്രിട്ടനിലെയും നയതന്ത്രജ്ഞര്‍ രംഗത്ത് എത്തിയിരുന്നു. സമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഒരു പ്രതീകാത്മക തീരുമാനമായിരിക്കുമെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് പറഞ്ഞത്.
Content Highlight: The UN conference to discuss Palestinian State postponed due to conflict in Middle East