ഇറാനിലെ പ്രകൃതി വാതക പൈപ്പ് ലൈനുകള്‍ക്ക് നേരെ ഇസ്രഈല്‍ ആക്രമണം നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസ്
World News
ഇറാനിലെ പ്രകൃതി വാതക പൈപ്പ് ലൈനുകള്‍ക്ക് നേരെ ഇസ്രഈല്‍ ആക്രമണം നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 9:04 pm

വാഷിങ്ടണ്‍: ഇറാനിലെ പ്രകൃതി വാതക പൈപ്പ് ലൈനുകളില്‍ ഇസ്രഈലി സര്‍ക്കാര്‍ ആക്രമണം നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസ്. രാജ്യത്തെ രണ്ട് പ്രകൃതി വാതക പൈപ്പ് ലൈനുകളില്‍ സൈന്യം രഹസ്യമായി ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥരെയും ഒരു സൈനിക തന്ത്രജ്ഞനെയും ഉദ്ധരിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ആക്രമണത്തിന് പിന്നില്‍ സയണിസ്റ്റ് രാജ്യമായ ഇസ്രഈല്‍ ആണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഊന്നിപ്പറയുന്നു.

ഇറാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ചഹാര്‍മഹലിലും ബഖ്തിയറിയിലും തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലുമുള്ള രണ്ട് പ്രധാന ഗ്യാസ് ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈനുകളെ ലക്ഷ്യമിട്ട് ഒരു ആക്രമണം നടന്നതായി ഇറാനിയന്‍ ഓയില്‍ മന്ത്രി ജവാദ് ഔജി ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പത്രത്തിന്റെ വെളിപ്പെടുത്തല്‍.

ഇറാനെതിരെ നടന്നത് ഒരു ഭീകരവാദ അട്ടിമറിയാണെന്ന് രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന പ്രവിശ്യകളിലേക്കുള്ള ചൂടും പാചകവാതകവും ഈ ആക്രമണം തടസപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

‘നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും ശൈത്യകാലത്ത് നല്‍കുന്ന വാതക പ്രവാഹം പൂര്‍ണമായും തടസപ്പെടുത്തുക എന്നതായിരുന്നു ശത്രുവിന്റെ പദ്ധതി,’ ജവാദ് ഔജി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ക്രൈസിസ് മാനേജ്മെന്റ് സെഷന്‍ വിളിച്ചുചേര്‍ത്തതായും ഇറാന്‍ ഓയില്‍ മന്ത്രി, ഡെപ്യൂട്ടി ഓയില്‍ മന്ത്രിമാര്‍, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ട്രാന്‍സ്മിഷന്‍ ലൈനുകളില്‍ പണികള്‍ നടക്കുകയാണെന്നും ജവാദ് ഔജി പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈല്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രഈലും ഹമാസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണെങ്കില്‍ ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേല്‍ ഭീഷണി ഉയര്‍ത്തുമെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞിരുന്നു.

Content Highlight: The New York Times reports that Israel attacked Iran’s natural gas pipelines