വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം; പുല്‍പ്പള്ളിയില്‍ പൊലീസ് കേസെടുക്കും
Kerala News
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം; പുല്‍പ്പള്ളിയില്‍ പൊലീസ് കേസെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 8:24 pm

പുല്‍പ്പള്ളി: വന്യജീവികളുടെ ആക്രമണത്തില്‍ പുല്‍പ്പള്ളിയില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ പ്രതിഷേധങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആനയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട പോളിന്റെ മൃതശരീരം തടഞ്ഞുവെച്ചതിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞതിനും കേസെടുക്കും.

വനംവകുപ്പിന്റെ വാഹനങ്ങള്‍ ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.

വന്യജീവി ആക്രമണത്തില്‍ ഒരാഴ്ചക്കിടെ രണ്ട് ആളുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ച് എം.പി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും.

പ്രതിഷേധത്തെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കെ കാര്യങ്ങള്‍ കൈവിട്ട് പോകാതെ നോക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വി.ഡി. സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും ഉടനെ വയനാട്ടില്‍ എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ എം.ബി. രാജേഷ് അടക്കമുള്ള ഉന്നത മന്ത്രിമാരുടെ സംഘം വയനാട്ടിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: The police will file a case against those who protested in Pulpalli against the attack of wild animals