പി.എം ശ്രീയുടെ പ്രധാന ലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കല്‍; പൂര്‍ണ അധികാരം കേന്ദ്രത്തിനെന്ന് ധാരണാ പത്രം
Kerala
പി.എം ശ്രീയുടെ പ്രധാന ലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കല്‍; പൂര്‍ണ അധികാരം കേന്ദ്രത്തിനെന്ന് ധാരണാ പത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th October 2025, 6:18 pm

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ ധാരണാ പത്രം പുറത്ത്. പദ്ധതിയുടെ പ്രധാന ലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതാണ്. പദ്ധതിയിലുള്‍പ്പെടുന്ന സ്‌കൂളുകള്‍ക്ക് പി.എം ശ്രീ എന്ന് പേര് നല്‍കണമെന്നും മൂല്യ നിര്‍ണയ സമ്പ്രദായങ്ങള്‍ പുതിയ പദ്ധതിപ്രകാരമാകണമെന്നുമാണ് ധാരണാ പത്രത്തിലുള്ളത്.

ഒക്ടോബര്‍ 16നാണ് സര്‍ക്കാര്‍ സാധരണാ പത്രത്തില്‍ ഒപ്പുവെച്ചത്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കണെമന്നാണ് ധാരണാ പത്രത്തിലുള്ളത്. സ്‌കൂളുകള്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും വ്യക്തമാണ്. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്തമുണ്ടാകുമെന്നും ധാരണാ പത്രത്തിലുണ്ട്.

പദ്ധതിയിലുള്‍പ്പെടുന്ന സ്‌കൂളുകളുടെ സാമ്പത്തികാര്യങ്ങള്‍ പൂര്‍ണമായും തീരുമാനിക്കുന്നത് കേന്ദ്രമാണെന്ന് വ്യക്തമാണ്. മാത്രമല്ല സ്‌കൂളുകളില്‍ എന്ത് തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ പൂര്‍ണ അവകാശം കേന്ദ്രത്തിനാണെന്നും ധാരണാ പത്രത്തിലുണ്ട്.

പി.എം ശ്രീ ഉള്‍പ്പെടെയുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് നേരത്തെ സി.പി.ഐ.എം സംസ്ഥാന പ്രസിഡന്റ് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംഘപരിവാര്‍ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ധാരണാ പത്രത്തില്‍ പദ്ധതിയുടെ പൂര്‍ണ അവകാശം കേന്ദ്രത്തിലേത്ത് വന്നു ചേരുമെന്നാണ് വെളിപ്പെടുന്നത്. പദ്ധതിയില്‍ ഒപ്പുവെച്ചതിനെ എതിര്‍ത്ത് സി.പി.ഐയും രംഗത്ത് വന്നിരുന്നു. എന്നാല്‍ സി.പി.ഐയുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

അതേസമയം സംസ്ഥാനത്തിന് അവകാശപ്പെട്ട പദ്ധതികളുടെ പണം കേരളത്തിന് വേണമെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള 8000ത്തോളം കോടി രൂപ പല കാര്യങ്ങള്‍ പറഞ്ഞ് തരാതിരക്കുകയാണെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പി.എം ശ്രീയിലേത് കേരളത്തിന് അര്‍ഹതപ്പെട്ട പണമാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നാലെ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ 1500 കോടിയുടെ എസ്.എസ്.എ ഫണ്ടാണ് കേരളത്തിന് ലഭ്യമാകുക. മൂന്ന് വര്‍ഷത്തോളം നീണ്ട എതിര്‍പ്പുകള്‍ക്കൊടുവിലാണ് സംസ്ഥാനം പി.എം ശ്രീയില്‍ ഒപ്പുവെച്ചത്.

 

Content Highlight: The main objective of the PM Shri scheme is to implement the National Education Policy