| Monday, 13th August 2018, 4:49 pm

പെരിയാര്‍ കടുവ സങ്കേതത്തില്‍ ഒറ്റപ്പെട്ട പോയ വൃദ്ധ

എ പി ഭവിത

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജോലിക്കായെത്തിയ കുടുംബത്തിലെ വീട്ടമ്മ കാട്ടിലെ കുടിലില്‍ ഒറ്റപ്പെട്ട് കഴിയുന്നു. പെരിയാര്‍ കടുവ സങ്കേതത്തില്‍ കുടില്‍ കെട്ടി താമസിക്കുകയാണ് തങ്കമണി. ഭര്‍ത്താവ് രാജപ്പന്‍ സിമന്റ് ഗോഡൗണിലെ കാവല്‍ക്കാരനായിരുന്നു. അണക്കെട്ടിന്റെ പണി പൂര്‍ത്തിയായപ്പോള്‍ പോകാനിടമില്ലാതെയാണ് ഇവര്‍ കാട്ടില്‍ താമസം തുടങ്ങിയത്. തമിഴ്‌നാട് സര്‍ക്കാറിന്റെ പട്ടയ ഭൂമിയിലാണ് ഇവരുടെ കുടില്‍. തങ്കമണി കുടിയിറക്ക് ഭീഷണിയിലാണ്. ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കാന്‍ അധികൃതര്‍ നിരവധി തവണ ശ്രമിച്ചു.

കൂലിപ്പണി ചെയ്തായിരുന്നു തങ്കമണി കുടുംബം പുലര്‍ത്തിയിരുന്നത്. 2012ല്‍ തമിഴ്‌നാട് അധികൃതര്‍ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കുടില്‍ പൊളിച്ചു. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് കേരളാ പോലീസെത്തി വന്യജീവി സങ്കേതത്തില്‍ തന്നെ താല്കാലികമായി താമസിപ്പിക്കാന്‍ ധാരണയായി.

കുടില്‍ പൊളിച്ചതിന് പിന്നാലെ ഭര്‍ത്താവ് രാജപ്പന്‍ ആത്മഹത്യ ചെയ്തു. മൃതദേഹം മറവ് ചെയ്യാന്‍ പോലും ഒരുതുണ്ട് ഭൂമിയില്ലാത്ത തങ്കമണിയുടെ നിസ്സാഹായവസ്ഥ കണ്ട് നാ്ട്ടുകാര്‍ വീണ്ടും പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്നാണ് അഞ്ച് സെന്റ് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്്. അഞ്ച് സെന്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തി. എന്നാല്‍ റവന്യുഅധികൃതര്‍ ഇതുവരെ പട്ടയം നല്‍കിയിട്ടില്ല. പട്ടയം നല്‍കണമെന്ന് സര്‍ക്കാറിനോട് അപേക്ഷിക്കുകയാണ് തങ്കമണി. ഭൂമിക്ക് പട്ടയം കിട്ടിയാല്‍ വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കാമെന്നാണ് പഞ്ചായത്ത് അധികൃതരും നല്‍കിയിരിക്കുന്ന ഉറപ്പ. വന്യമൃഗങ്ങളെ പേടിച്ച് ഈ കുടിലില്‍ എത്രനാള്‍ കഴിയേണ്ടി വരുമെന്നാണ് തങ്കമണി ചോദിക്കുന്നത്. കൂലിപ്പണി ചെയ്യാന്‍ പോലും ഇപ്പോള്‍ കഴിയുന്നില്ല. ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ഈ വൃദ്ധ.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.