"നാട് കത്തുമ്പോഴും സ്ത്രീകൾ വീട്ടിലിരിക്കണമെന്നു പറയുന്നവരെ സമൂഹം പുച്ഛിച്ചു തള്ളും"; കാന്തപുരത്തിനെത്തിരെ രൂക്ഷവിമർശനവുമായി വി.പി സുഹറ
ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകള്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതിനെ എതിര്‍ത്ത കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് മറുപടിയുമായി വി.പി സുഹറ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതികരിക്കുന്നത് സ്ത്രീകളാണ്. ഇവരൊക്കെ (മതസംഘടനകള്‍) എന്ത് നിലപാടുകളാണ് സ്വീകരിക്കുന്നത്. ലോകത്തിന് തന്നെ തീ പിടിക്കുന്ന കാലഘട്ടത്തിലാണ് ജീവിക്കുന്നത്.

മനുഷ്യന്റെ അവകാശങ്ങള്‍ ലംഘിക്കുകയാണ്. നമ്മുടെ പൗരത്വം മറ്റുള്ളവരുടെ മുന്നില്‍ അടിയറവ് വെക്കുകയാണ്. എത്രത്തോളം ക്രൂരമാണ് ഇക്കാര്യങ്ങളൊക്കെ. അസഹനീയമായ കാര്യമല്ലേ അതൊക്കെ. അതിനെതിരെ ശബ്ദിക്കുമ്പോള്‍ പോലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞിട്ട്് അവരെയൊക്കെ വീട്ടിലൊതുക്കുക എന്ന് പറയുമ്പോള്‍ എന്ത് ന്യായീകരണമാണ് ഉള്ളത്. എന്ത് മുഫ്തി സ്ഥാനമാണ് ഇവിടെ ഉള്ളത്. അനഹര്‍ഹമായിട്ടുള്ള മുഫ്തി സ്ഥാനം നേടിയിട്ട് എന്ത് കാര്യമാണുള്ളത്.

അങ്ങനെയുള്ള ആളുകള്‍ മുഴുവന്‍ ആളുകളേയും ഇതിലേക്ക് ഇറക്കുകയാണ് ചെയ്യേണ്ടത്. ഇതൊന്നും ചെയ്യാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ അകത്ത് പിടിച്ചിടുകയും നിങ്ങള്‍ കുട്ടികളെ നോക്കിക്കോ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തോ, ഭര്‍ത്താവിനെ ശുശ്രൂഷിച്ചോ എന്നൊക്കെ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

എനിക്ക് വ്യക്തിപരമായിട്ട് അദ്ദേഹത്തോട് യാതൊരു ബഹുമാനക്കുറവുമില്ല. പക്ഷെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിക്കുന്നതുകൊണ്ടുതന്നെ അദ്ദേഹത്തോട് എന്നും വിയോജിപ്പുമുണ്ട്.

പുതിയ തലമുറ ഇതെല്ലാം അവഗണിച്ചുകൊണ്ട് ശക്തമായി മുന്നോട്ടുവരണം. അത് നമ്മുടെ നിലനില്‍പ്പാണ്. ഒരു മതവിഭാഗത്തിന്റെ മാത്രമല്ല മൊത്തം സമൂഹത്തിന്റെ നിലനില്‍പ്പിന്റെ കാര്യമാണ്. ഞാന്‍ മനസിലാക്കിയിടത്തോളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധിച്ചിട്ടുള്ളത് സ്ത്രീകളാണ്, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍. ഷഹീന്‍ബാഗില്‍ ഇപ്പോഴും സ്ത്രീകള്‍ സമരം ചെയ്തുകൊണ്ടേയിരിക്കുകയാണ്. അതുപോലെ ജാമിഅ മില്ലിയയില്‍… ഇവരെയൊന്നും പിടിച്ചുനിര്‍ത്താനൊന്നും കാന്തപുരത്തിനൊന്നും കഴിയില്ല.