ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ പോയി ഒളിച്ചാലും നിന്നെ ഞാന്‍ ഇറക്കും; റോഷാക്ക് ഒ.ടി.ടി റിലീസിന് വമ്പന്‍ പ്രൊമോഷനുമായി ഡിസ്‌നി
Film News
ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ പോയി ഒളിച്ചാലും നിന്നെ ഞാന്‍ ഇറക്കും; റോഷാക്ക് ഒ.ടി.ടി റിലീസിന് വമ്പന്‍ പ്രൊമോഷനുമായി ഡിസ്‌നി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th November 2022, 9:39 am

ഏറെ പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം റോഷാക്ക് ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്റര്‍ റിലീസിന്റെ പ്രതീതി തന്നെയാണ് റോഷാക്കിന്റെ ഒ.ടി.ടി റിലീസും സൃഷ്ടിക്കുന്നത്. പല തരത്തിലുള്ള വ്യാഖ്യാന സാധ്യതയുള്ള ചിത്രം വീണ്ടും കാണാനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വലിയ പ്രൊമോഷനാണ് ഡിസ്‌നി നടത്തുന്നത്.

ഇതിനോടകം തന്നെ ഒ.ടി.ടി റിലീസിനോടനുബന്ധിച്ച് ഡിസ്‌നി പുറത്തിറക്കിയ ടീസറും പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. ഏറ്റവും പുതിയ പോസ്റ്ററും വെറൈറ്റിയാവുകയാണ്. പാതിവഴിയില്‍ പണി നിന്നുപോയ ദിലീപിന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന ലൂക്ക് ആന്റണിയെയാണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിലെ ക്യാപ്ഷനാണ് രസകരം. ‘നീ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ പോയി ഒളിച്ചാലും നിന്നെ ഞാന്‍ ഇറക്കും,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍.

കഴിഞ്ഞ ദിവസം പ്രൊമോഷന്റെ ഭാഗമായുള്ള മമ്മൂട്ടിയുടെ വീഡിയോയും ഡിസ്‌നി പുറത്ത് വിട്ടിരുന്നു. ‘കാണാത്തവര്‍ക്ക് കാണാനും, കണ്ടവര്‍ക്ക് വീണ്ടും കാണാനും, റോഷാക്ക് ഡിസ്‌നി ഹോട്‌സ്റ്റാറില്‍ നവംബര്‍ 11 മുതല്‍,’ മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞു.

മമ്മൂട്ടിയും ആസിഫ് അലിയും ഒരുമിച്ച് മുഖംമൂടിയുമായി നില്‍ക്കുന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇതാദ്യമായാണ് ഇരുവരും മുഖംമൂടിയുമായി ഒന്നിച്ച് ഒരു പോസ്റ്ററില്‍ എത്തിയത്.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.

ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. മറ്റു റിലീസുകള്‍ എത്തിയിട്ടും തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടാന്‍ റോഷാക്കിനായി.

Content Highlight: The latest poster released by Disney for the OTT release of rorschach gaining attention