കരയാതെ പിടിച്ചു നില്‍ക്കണം, ശബ്ദം പോലും ഇടറി, അത് എങ്ങനെ കൈകാര്യം ചെയ്തു എന്ന് ഇന്നോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്; വൈറലായ അഭിമുഖത്തെ പറ്റി ഹണി റോസ്
Film News
കരയാതെ പിടിച്ചു നില്‍ക്കണം, ശബ്ദം പോലും ഇടറി, അത് എങ്ങനെ കൈകാര്യം ചെയ്തു എന്ന് ഇന്നോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്; വൈറലായ അഭിമുഖത്തെ പറ്റി ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th November 2022, 8:45 am

ഹണി റോസിന്റെ അഭിമുഖങ്ങളില്‍ ഏറ്റവും വൈറലായിട്ടുള്ളത് അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് കൈരളി ചാനലിന് നല്‍കിയതായിരുന്നു. സ്റ്റാര്‍ റാഗിങ് എന്ന പരിപാടിയിലെ പരുഷമായ ചോദ്യങ്ങള്‍ പക്വതയോടെ നേരിട്ട ഹണി റോസിന്റെ അഭിമുഖം ശ്രദ്ധ നേടിയിരുന്നു.

വളരെ ബുദ്ധിമുട്ടിയാണ് അന്നത്തെ സാഹചര്യം മാനേജ് ചെയ്തതെന്നും കരച്ചിലിന്റെ വക്കിലെത്തിയെന്നും പറയുകയാണ് ഹണി. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹണി റോസ് പഴയ അഭിമുഖത്തെ പറ്റി പറഞ്ഞത്.

‘ഞാന്‍ പ്ലാന്‍ഡ് അല്ലായിരുന്നു. പക്ഷേ അവര്‍ പക്കാ പ്ലാന്‍ഡായിരുന്നു, അത് സ്‌ക്രിപ്റ്റഡായിരുന്നു. എന്നെ കുറച്ച് നാളുകളായി പരിപാടിയിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിന്റെ പ്രൊമോഷന്റെ സമയത്താണ് അതില്‍ പോയി വീഴുന്നത്. ഭയങ്കര ഫണ്‍ ചാറ്റാണ്, കുറച്ച് കോളേജ് പിള്ളേരുണ്ടാവും, അവര്‍ നേരത്തെ ചോദ്യങ്ങള്‍ നല്‍കും, എന്നിട്ടേ ചോദിക്കൂ എന്നാണ് എന്നോട് പറഞ്ഞ്. ഞാന്‍ നല്ല രസമായിരിക്കുമല്ലോ എന്ന് കരുതി അവിടെ പോയിരുന്നു. ഇരുന്നു കഴിഞ്ഞാണ് ഈ സംഭവങ്ങള്‍ തുടങ്ങുന്നത്.

അങ്ങനെ ആരോടും വഴക്കുണ്ടാക്കാനോ കയര്‍ത്ത് സംസാരിക്കാനോ ഉള്ള സാഹചര്യങ്ങള്‍ എനിക്ക് ഉണ്ടാകാറില്ല. ജീവിതത്തില്‍ ആദ്യമായാണ് അങ്ങനെയൊരു സംഭവം നടക്കുന്നത്. അപ്പോള്‍ എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ചുറ്റും ക്യാമറയാണ്. അവരുടെ ഉദ്ദേശം എന്താണെന്ന് അറിയാം. ഞാന്‍ എന്ത് പറയുന്നോ അത് ഷൂട്ട് ചെയ്യുക എന്നുള്ളതാണ് ലക്ഷ്യം.

അവിടെ കരയാതെ പിടിച്ചു നില്‍ക്കണം. എന്റെ ശബ്ദം പോലും ഇടറിയിട്ടുണ്ട്. ഒരു പോയിന്റ് കഴിഞ്ഞാല്‍ ഉറപ്പായും കയ്യില്‍ നിന്നും പോകും. പക്ഷേ അത് എങ്ങനെയെക്കെയോ മാനേജ് ചെയ്തു. അത് എങ്ങനെ ഹാന്‍ഡില്‍ ചെയ്തു എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്.

പക്ഷേ അതുകൊണ്ടൊരു ഗുണമുണ്ടായി. കുമ്പസാരം എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് നിങ്ങളെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാനുള്ള കാരണം ആ അഭിമുഖമാണെന്ന് സംവിധായകന്‍ പറഞ്ഞു. അത്രയും ക്ഷമയുള്ള ആളാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

യഥാര്‍ത്ഥത്തില്‍ ഞാന്‍ അങ്ങനെയാണ്. പെട്ടെന്ന് ദേഷ്യം വരില്ല. വാക്കുകള്‍ കൊണ്ട് ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ദേഷ്യപ്പെടുന്നത് വളരെ കുറവാണ്. പക്ഷേ ദേഷ്യം വന്നാല്‍ വന്നതാണ്. വീട്ടുകാരെ അത് കണ്ടിട്ടുള്ളൂ,’ ഹണി പറഞ്ഞു.

Content Highlight: honey rose talks about her viral interview