സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള എൽ ക്ലാസിക്കോ പ്രദർശനം മത്സരം ഇന്ത്യയിൽ നടക്കും. നവംബർ 25നാണ് ഈ ചരിത്ര പോരാട്ടം ഇന്ത്യയിൽ അരങ്ങേറുക. കൊൽക്കത്തയാണ് വേദി.

ഏതെല്ലാം ഇതിഹാസ താരങ്ങൾ ഇരു ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങുമെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ, സ്പാനിഷ് ലോകകപ്പ് ജേതാവായ കാർലോസ് പുയോൾ അടക്കമുള്ള പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ബാഴ്സലോണയും റയൽ മാഡ്രിഡും ഇന്ത്യയിൽ നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു ഇരു ടീമുകളും ആദ്യമായി ഇന്ത്യയിൽ കളിച്ചത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റയൽ മാഡ്രിഡ് ബാഴ്സയെ പരാജയപ്പെടുത്തിയിരുന്നു.

ഇപ്പോൾ വീണ്ടുമൊരു എൽ ക്ലാസിക്കോ പോരാട്ടം ഇന്ത്യൻ മണ്ണിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയിൽ തന്നെയാണ് ഈ മത്സരം അരങ്ങേറുന്നതെന്നത് ആവേശം ഇരട്ടിയാക്കുന്നു. കൊൽക്കത്തയുടെ മണ്ണിൽ ഇതിനോടകം തന്നെ ലോക ഫുട്ബോളിലെ പൽ ഇതിഹാസങ്ങളുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്.

2018ൽ ബാഴ്സലോണ മോഹൻ ബഗാനെ നേരിടാനായി ഇന്ത്യയിലെത്തിയിരുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു കറ്റാലന്മാർ വിജയിച്ചു കയറിയിരുന്നത്.

2011ൽ അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും അർജന്റീനയും സൗഹൃദ മത്സരത്തിൽ വെനസ്വലയെ കൊൽക്കത്തയുടെ മണ്ണിൽ നേരിട്ടിരുന്നു. 2008ൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കും കൊൽക്കത്തയിൽ മോഹൻ ബഗാനെതിരെ കളത്തിലിറങ്ങിയിരുന്നു.

1977ൽ ഈഡൻ ഗാർഡൻസിൽ മോഹൻ ബഗാനെതിരെ ന്യൂയോർക്ക് കോസ്മോസിന് വേണ്ടി ബ്രസീലിയൻ ഇതിഹാസം പെലെയും കൊൽക്കത്തയിൽ പന്തുതട്ടിയിരുന്നു.

അടുത്തിടെ അഞ്ച് തവണ ലോകം കീഴടക്കിയ ബ്രസീലും, രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയും ഇന്ത്യക്കെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു. ഈ മത്സരങ്ങളിൽ ഇന്ത്യ നടത്തിയ പോരാട്ടവീര്യങ്ങൾക്ക് വലിയ കയ്യടിയാണ് ലഭിച്ചിരുന്നത്.

ബ്രസീലിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കും ഉറുഗ്വേക്കെതിരെ 6-1നുമായിരുന്നു ഇന്ത്യ പരാജയപ്പെട്ടിരുന്നത്. തോൽവിയിലും ഇന്ത്യയുടെ പ്രകടനങ്ങൾ തലയുയർത്തി നിൽക്കുകയായിരുന്നു.

ലോക ഫുട്ബോളിലെ തന്നെ രണ്ട് വമ്പൻ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾക്ക് ശേഷം ശേഷമാണ് ഇന്ത്യ ചരിത്രപരമായ മറ്റൊരു എൽ ക്ലാസിക്കോ പോരാട്ടത്തിന് സാക്ഷിയാവാൻ ഒരുങ്ങുന്നത്.

 

Content Highlight: The El Clasico exhibition match between Barcelona and Real Madrid will be held in India