കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൂത്തുപറമ്പ് കേസില്‍ റവാഡയെ കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
ആരോപണങ്ങള്‍ ഉന്നയിക്കാമെന്നും എന്നാല്‍ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ മനസിലാക്കാതെ സംസാരിക്കരുതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കൂത്തുപറമ്പ് കേസില്‍ റവാഡ പ്രതിയാക്കപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹത്തിനതിരെ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് തന്നെ ഉണ്ടായിരുന്നു. റവാഡ ശിക്ഷിക്കപ്പെട്ട വ്യക്തിയുമല്ല. കൂത്തുപറമ്പിലെ സംഭവത്തിന് ശേഷവും അദ്ദേഹം കേരളത്തിലും ഇന്ത്യയിലുടനീളമായും പ്രവര്‍ത്തിച്ചിരുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകള്‍ അടങ്ങുന്ന ലിസ്റ്റില്‍ നിന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ആ തീരുമാനത്തോടൊപ്പം സി.പി.ഐ.എം നിലയുറക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പി. ജയരാജന്‍ പറഞ്ഞത് എതിര്‍പ്പല്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെ എന്ന് പറഞ്ഞത് എങ്ങനെ എതിര്‍പ്പാകുമെന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു. പാര്‍ട്ടിയല്ലലോ സര്‍ക്കാരല്ലേ ഇക്കാര്യത്തില്‍ വ്യക്തത നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റവാഡയുടെ നിയമനം സംബന്ധിച്ച് പാര്‍ട്ടിക്ക് പ്രത്യേക താത്പര്യങ്ങള്‍ ഒന്നുമില്ലെന്നും നിയമനം സര്‍ക്കാരിന്റെ തീരുമാനമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
നിലവിലെ പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഇന്ന് (തിങ്കള്‍) ചുമതലയൊഴിയുന്ന സാഹചര്യത്തിലാണ് റവാഡയുടെ നിയമനം. യു.പി.എസ്.സി നല്‍കിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് പുതിയ ഡി.ജി.പിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കുകയായിരുന്നു.
1991 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇന്റലിജന്‍സ് ബ്യൂറോയിലെ ദീര്‍ഘകാല സേവനത്തിന് ശേഷമാണ് സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്നത്. തലശേരി എ.എസ്.പിയായാണ് സര്‍വീസ് തുടങ്ങുന്നത്.
റവാഡ എ.എസ്.പിയായി ചുമതലയേറ്റ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായത്. അന്ന് അദ്ദേഹത്തെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 2012ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറല്‍, റെയില്‍വെ, വിജിലന്‍സ് എറണാകുളം റേഞ്ച്, തിരുവനന്തപുരം ക്രൈംബ്രാഞ്ച്, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി ആയിരുന്നു. കെ.എ.പി രണ്ടാം ബറ്റാലിയനിലും മൂന്നാം ബറ്റാലയനിലും കമാന്‍ഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlight: The court itself acquitted Rawada in the Koothuparamba case: MV Govindan