മലയാളത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ നടൻ; അദ്ദേഹത്തിന്റെ കണ്ണുകളാണ് അഭിനയിക്കുന്നത്: മധുബാല
Entertainment
മലയാളത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ നടൻ; അദ്ദേഹത്തിന്റെ കണ്ണുകളാണ് അഭിനയിക്കുന്നത്: മധുബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th June 2025, 9:49 pm

മധുബാലയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. വർഷ വാസുദേവ് ​​രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൻ്റെ സംഗീതം ഗോവിന്ദ് വസന്താണ്. ഇപ്പോൾ ഇന്ദ്രൻസിനെക്കുറിച്ച് സംസാരിക്കുകയാണ് മധുബാല.

ഇന്ദ്രൻസിനെക്കുറിച്ച് താൻ കേട്ടിട്ടുണ്ടായിരുന്നെന്നും സെറ്റിലെത്തിയ ദിവസം തന്നെ അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും മധുബാല പറഞ്ഞു.

ഡയറക്‌ടർ ആക്‌ഷൻ പറഞ്ഞപ്പോൾ അഭിനയിക്കുന്നില്ലെന്നാണ് തനിക്ക് ആദ്യം തോന്നിയതെന്നും എന്നാൽ താൻ മോണിറ്ററിലേക്ക് നോക്കിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളാണ് അഭിനയിക്കുന്നത് എന്നും നടി പറയുന്നു.

എല്ലാ വികാരങ്ങളും നിറയുന്ന സുന്ദരമായ കണ്ണുകളാണ് അദ്ദേഹത്തിനെന്ന് അവർ അഭിപ്രായപ്പെട്ടു. താൻ കഷ്‌ടപ്പെട്ട് അഭിനയിക്കുന്ന ആളാണെന്നും എന്നാൽ ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കാതെ ജീവിക്കുന്ന ഒരാളാണ് ഇന്ദ്രൻസെന്നും മധുബാല കൂട്ടിച്ചേർത്തു.

വർഷ വാസുദേവിൻ്റെ ആദ്യ സിനിമയാണ് ചിന്ന ചിന്ന ആസൈ എന്നും അഭിജിത് ബാബുജി നിർമിക്കുന്ന ആദ്യ മലയാള സിനിമയാണിതെന്നും അവർ പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു അവർ.

‘ഇന്ദ്രൻസിനൊപ്പമാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. നാഷണൽ അവാർഡും സ്‌റ്റേറ്റ് അവാർഡും കിട്ടിയ നടൻ, സെറ്റിലെത്തിയ ദിവസം തന്നെ അദ്ദേഹം അത്ഭുതപ്പെടുത്തി.

ഡയറക്‌ടർ ‘ആക്‌ഷൻ’ പറഞ്ഞു. പക്ഷേ അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നു തോന്നി. പറഞ്ഞത് കേട്ടില്ലേ എന്ന് സംശയമായി. ഞാൻ പതുക്കെ മോണിറ്ററിലേക്ക് നോക്കി. അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ കണ്ണുകളാണ് അഭിനയിക്കുന്നത്. എല്ലാ വികാരങ്ങളും നിറയുന്ന സുന്ദരമായ കണ്ണുകൾ.

ഞാൻ എക്‌സ്പ്രസീവ് പേഴ്സൺ ആണ്. കഷ്‌ടപ്പെട്ട് അഭിനയിക്കും. അപ്പോഴാണ് അതാ ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കാതെ ജീവിക്കുന്ന ഒരാൾ. എന്തൊരു പവർഫുൾ അഭിനയമാണ്. സംവിധായിക വർഷ വാസുദേവിൻ്റെ ആദ്യ സിനിമയാണിത്. അഭിജിത് ബാബുജി നിർമിക്കുന്ന ആദ്യ മലയാള സിനിമയും,’ മധുബാല പറയുന്നു,’ മധുബാല പറയുന്നു.

Content Highlight: The actor who surprised me on the first day Says Madhubala