ഡ്രൈവിംഗ് ലൈസന്‍സ് മമ്മൂക്കയെ വെച്ച് തീരുമാനിച്ചത്, നടക്കാത്തതിന് കാരണം... നിർമാതാവ് രഞ്ജിത്ത്
Entertainment
ഡ്രൈവിംഗ് ലൈസന്‍സ് മമ്മൂക്കയെ വെച്ച് തീരുമാനിച്ചത്, നടക്കാത്തതിന് കാരണം... നിർമാതാവ് രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th May 2025, 3:39 pm

നടന്‍ മമ്മൂട്ടിയെക്കുറിച്ചും ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് നിര്‍മാതാവ് രഞ്ജിത്ത്. മമ്മൂട്ടിയോടുള്ള ഇഷ്ടം എപ്പോഴുമുണ്ടെന്നും തങ്ങള്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചുവെന്നും അതാണ് ഡ്രൈവിംഗ് ലൈസന്‍സ് എന്നും പറയുകയാണ് രഞ്ജിത്ത്.

ഡ്രൈവിംഗ് ലൈസന്‍സില്‍ ശരിക്കും മമ്മൂട്ടിയാണ് അഭിനയിക്കേണ്ടതെന്നും സച്ചി തന്റെ അടുത്ത സുഹൃത്താണെന്നും രഞ്ജിത്ത് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസന്‍സിന്റെ യഥാര്‍ത്ഥ കഥ താന്‍ ലൈസന്‍സ് എടുക്കാന്‍ പോയ കഥയാണെന്നും സൗഹൃദസംഭാഷണത്തിനിടയില്‍ സച്ചിയോട് പറഞ്ഞതാണെന്നും അപ്പോള്‍ അതിലൊരു കഥയുണ്ടെന്ന് സച്ചി പറഞ്ഞെന്നും രഞ്ജിത്ത് പറയുന്നു.

വണ്ടി ഭ്രാന്തുള്ള മമ്മൂട്ടിയുടെ ലൈസന്‍സ് കളഞ്ഞുപോയി മമ്മൂട്ടിക്ക് വണ്ടി ഓടിക്കാന്‍ പറ്റാതായാലുള്ള സ്ഥിതി ആലോചിച്ച് കഥ എഴുതിയെന്നും ക്ലൈമാക്‌സ് ഓക്കെ അല്ലാത്തതുകൊണ്ടാണ് ആ സിനിമ വേണ്ടെന്ന് വെച്ചതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

‘മമ്മൂക്കയോടുള്ള ഇഷ്ടം എപ്പോഴുമുണ്ട് എനിക്ക് . അങ്ങനെ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. അതാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഡ്രൈവിംഗ് ലൈസന്‍സില്‍ ശരിക്കും മമ്മൂക്കയാണ് അഭിനയിക്കേണ്ടത്. സച്ചിയാണല്ലോ എഴുതിയിരിക്കുന്നത്.

സച്ചി എന്റെ അടുത്ത സുഹൃത്താണ്. ശരിക്കും അതില്‍ പലര്‍ക്കും അറിയാന്‍പാടില്ലാത്ത കാര്യമുണ്ട്. ഡ്രൈവിംഗ് ലൈസന്‍സിന്റെ യഥാര്‍ത്ഥ കഥ എന്നുപറയുന്നത് എന്റെയാണ്. ഞാന്‍ ലൈസന്‍സ് എടുത്ത കഥയാണ്.

അത് ഞാനും സച്ചിയും കൂടെ സൗഹൃദസംഭാഷണത്തിനിടയില്‍ പറഞ്ഞതാണ്. എന്റെ ഇതുപോലെ ലൈസന്‍സ് കളഞ്ഞുപോയ കഥയുണ്ട്. അത് രസകരമായ കഥയാണ്. അതുപറഞ്ഞപ്പോഴാണ് സച്ചി പറഞ്ഞത് ‘ചേട്ടാ ഇതിലൊരു കഥയുണ്ട്’ എന്ന്.

ഇവിടെ വണ്ടി ഭ്രാന്തുള്ള മമ്മൂക്കയുടെ ലൈസന്‍സ് കളഞ്ഞുപോയി മമ്മൂക്കക്ക് വണ്ടി ഓടിക്കാന്‍ പറ്റാതായാലുള്ള സ്ഥിതി ഒന്നാലോചിച്ച് നോക്ക് എന്നുപറഞ്ഞു. അങ്ങനെ ലാലേട്ടന്റെ (സിദ്ദിഖ് ലാല്‍) അടുത്ത കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് വേണമെന്ന് പറഞ്ഞു. അങ്ങനെയൊരു കഥ അവിടെ ചര്‍ച്ച നടക്കുന്നു.

അങ്ങനെ കഥ എഴുതി, അതിന്റെ ക്ലൈമാക്‌സ് മാത്രമില്ല. മമ്മൂക്ക ഈ കഥ കേട്ടിട്ട് പുള്ളി അക്‌സെപ്റ്റ് ചെയ്തിരുന്നു. ക്ലൈമാക്‌സ് ആയി കഥ കേട്ടപ്പോള്‍ പുള്ളിക്ക് അത് ഓക്കെയായില്ല. പിന്നെ എന്തുകൊണ്ടോ അതുമാറ്റണ്ട എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ആ സിനിമ വേണ്ടെന്ന് വെച്ചത്,’ രഞ്ജിത്ത് പറയുന്നു.

Content Highlight: That hit film was decided with Mammootty in mind, but the reason was… Producer Ranjith