ലാല്‍ സാറിനെ പോലൊരാള്‍ മുരുകാ വിളിച്ച് ഫൈറ്റ് ചെയ്താല്‍ തിയേറ്റര്‍ ബ്ലാസ്റ്റാണ്; തുടരുമില്‍ മുരുകന്‍ വന്നതിനെക്കുറിച്ച് തരുണ്‍ മൂര്‍ത്തി
Malayalam Cinema
ലാല്‍ സാറിനെ പോലൊരാള്‍ മുരുകാ വിളിച്ച് ഫൈറ്റ് ചെയ്താല്‍ തിയേറ്റര്‍ ബ്ലാസ്റ്റാണ്; തുടരുമില്‍ മുരുകന്‍ വന്നതിനെക്കുറിച്ച് തരുണ്‍ മൂര്‍ത്തി
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 7th June 2026, 11:46 am

വളരെ സൈലന്റായ ചെറിയ സിനിമയുമായെത്തി തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ തുടരും. തുടര്‍ പരാജയങ്ങളില്‍ വലഞ്ഞ മോഹന്‍ലാല്‍ എന്ന നടന്റെ പ്രതാപകാലം അവസാനിച്ചു എന്ന് വിധിയെഴുതിയ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് താനാണ് മലയാള സിനിമയിലെ ഒരേ ഒരു രാജാവ് എന്ന് ഒരിക്കല്‍ കൂടി വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു തുടരും തിയേറ്റര്‍ വിട്ടത്.

മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍ ഫാന്‍സിനെ തിയേറ്ററുകളിലെത്തിച്ച് ബോക്‌സ് ഓഫീസില്‍ നിന്നും 234 കോടിയോളം കളക്ഷന്‍ നേടിയ ചിത്രം മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍-ശോഭന ഹിറ്റ് ജോഡി ഒന്നിച്ച ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായ ഷണ്മുഖം എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

തുടരും. Photo: X.com

ചിത്രത്തിലെ പ്രസിദ്ധമായ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് മുരുകാ എന്ന് വിളിച്ചുകൊണ്ട് താരം അടി തുടങ്ങുന്നത് തിയേറ്ററിനെ ഇളക്കി മറിച്ചിരുന്നു. ഇത്തരത്തില്‍ മുരുകാ എന്ന വാക്ക് ചിത്രത്തിലേക്കെത്തിയതിനെ കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ചിത്രത്തില്‍ ഒരു മുരുകാ വിളിയുണ്ട്. ഫൈറ്റ് എടുക്കുന്നതിന് തൊട്ട് മുമ്പ് ഫൈറ്റ് മാസ്റ്റര്‍ സില്‍വയോട് ലാല്‍ സാര്‍ ചോദിച്ചു നിങ്ങള്‍ ഫൈറ്റ് ചെയ്യുന്നതിന് മുമ്പ് തൊട്ടുതൊഴുന്ന പോലെ എന്തെങ്കിലും ചിത്രത്തില്‍ ചെയ്താലോ എന്ന്. സില്‍വ എന്റെയടുത്ത് വന്ന് സാറിങ്ങനെ ഒരു നിര്‍ദേശം വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. പൊതുവെ ഈ ഫൈറ്റ് മാസ്റ്റേഴ്‌സിന് മുരുകനോട് ഒരു ഭക്തിയുണ്ട്. അങ്ങനെ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു.

ലാല്‍ സാറിനെ പോലൊരാള്‍ മുരുകാ വിളിച്ചിട്ട് ഒരു ഫൈറ്റ് ചെയ്താല്‍ തിയേറ്റര്‍ പിന്നെ ബ്ലാസ്റ്റാണ്. അങ്ങനെ ലാല്‍ സാര്‍ വന്ന് ആ മുരുകാ വിളിച്ചു. അതുകഴിഞ്ഞ് ഞാന്‍ ക്ലൈമാക്‌സ് റീവര്‍ക്ക് ചെയ്തു. ഈ മുരുകാ വിളി ക്ലൈമാക്‌സിലും കൊണ്ടുവരാന്‍ വേണ്ടി ഞാന്‍ സ്‌ക്രിപ്റ്റ് മൊത്തമിരുന്ന് റീവര്‍ക്ക് ചെയ്തു. അത് സുനിലിന് അയച്ചുകൊടുത്തപ്പോള്‍ അവന്‍ ഹാപ്പിയാണ്, നിനക്കിതാണ് തോന്നുതെങ്കില്‍ അത് ചെയ്‌തോളാന്‍ അവന്‍ എന്നോട് പറഞ്ഞു.

തുടരും. Photo: Screen Grab/ Jio Hotsater

അങ്ങനെ ഈ പടത്തിന്റെ അവസാനത്തില്‍ എനിക്കാ മുരുകാ വിളി വീണ്ടും വേണമെന്ന് തീരുമാനിച്ച് മാറ്റിയ സ്‌ക്രിപ്റ്റ് ലാല്‍ സാറിന് കേള്‍പ്പിച്ച് കൊടുത്തപ്പോള്‍ മുരുകാ വിളി വീണ്ടും ഇട്ടല്ലേ എന്നാണ് എന്നോട് ചോദിച്ചത്. ആദ്യം മുരുകാ എന്ന് വിളിക്കുന്നത് റിവഞ്ച് മൂഡിലാണെങ്കില്‍ ക്ലൈമാക്‌സില്‍ വിളിക്കുന്നത് അയാളുടെ അവസ്ഥ കൊണ്ടാണ്. മുരുകാ എന്ന ഒറ്റ വാക്കിന് ഒരു അഭിനേതാവിന് രണ്ട് ഇമോഷന്‍ ഇടാന്‍ പറ്റിക്കഴിഞ്ഞാല്‍ അത് ഭയങ്കര ഇംപാക്ടുണ്ടാക്കും,’രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Moorthy talks about Mohanlal’s Muruka add on in Thudarum Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.