തരുൺ മൂർത്തി ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. ലുക്മാൻ അവറാൻ, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത സിനിമ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയിരുന്നു.
ചിത്രത്തിൽ മമിത ബൈജു അവതരിപ്പിച്ച അൽഫോൺസ എന്ന കഥാപാത്രത്തിന് പ്രേക്ഷകർക്കിടയിൽ ഒരു തേപ്പുകാരി ഇമേജ് ആയിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ താൻ എഴുതിയ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രം ഓപ്പറേഷൻ ജാവയിലെ അൽഫോൺസയാണെന്ന് സംവിധായകൻ തരുൺ മൂർത്തി പറയുന്നു.
സ്വന്തമായി തൊഴിൽ ചെയ്യാനായി പ്രണയം പോലും ഉപേക്ഷിച്ച പെൺകുട്ടിയാണ് മമിത ചെയ്ത കഥാപാത്രമെന്നും എന്നാൽ സിനിമയിറങ്ങി കഴിഞ്ഞപ്പോൾ ആ കഥാപാത്രത്തിന് തേപ്പുകാരി ഇമേജാണ് ലഭിച്ചതെന്നും തരുൺ മൂർത്തി പറഞ്ഞു. അതുപോലതന്നെ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഓപ്പറേഷൻ ജാവയിൽ ധന്യ അവതരിപ്പിച്ച റോളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
‘ഞാൻ എഴുതിയ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം ഓപ്പറേഷൻ ജാവയിലെ അൽഫോൺസ എന്ന മമിത ചെയ്ത കഥാപാത്രമാണ്. പക്ഷെ അതെല്ലവരും തേപ്പ് എന്ന അടിവരെയോടെയാണ് അതിനെ കണ്ടത്. പക്ഷെ ഞാൻ കാണുന്നത് പ്രണയത്തിനേക്കാൾ അപ്പുറത്ത് സ്വന്തമായി ജോലി ചെയ്യാനായി മറ്റൊരു രാജ്യത്തേക്ക് പോകുന്ന, ഒരു കുടുംബം നോക്കാനുള്ള, സ്വന്തമായി വരുമാനം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. എന്നാൽ നമ്മുടെ ഓഡിയൻസ് അവളെ ഒരു തേപ്പുകാരിയായാണ് കണ്ടത്.
അതുപോലെതന്നെ എനിക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് ജാവയിലെ തന്നെ ധന്യ ചെയ്ത കഥാപാത്രം, വിനായകൻ്റെ ഭാര്യയുടെ വേഷം. ആ സിനിമയിൽ എല്ലാവരും വിമർശിച്ച ഒരു കാര്യമുണ്ട്, ആ കുട്ടിയെകൊണ്ട് ഒരു ഡയലോഗ് പോലും പറയിപ്പിച്ചില്ല എന്ന്. സൈലന്റായിട്ടാണ് നിൽക്കുന്നതെന്ന്.
പക്ഷെ എൻ്റെ അഭിപ്രായത്തിൽ അത് അത്രയും ശക്തമായിട്ടുള്ള മൗനമാണ്. ഞാൻ ചെയ്തില്ല എന്നുപറഞ്ഞ് അവിടെ വന്ന് കരയേണ്ട ആവശ്യമൊന്നും ഇല്ല. ഞാൻ അവൾക്ക് കൊടുത്ത നരേഷനും അങ്ങനെ ആയിരുന്നു. ‘നീ ചെയ്തിട്ടില്ല, ആ വീഡിയോ നിൻ്റെ അല്ല എന്ന് നിനക്ക് കൃത്യമായി അറിയാം. അതുകൊണ്ട് നീ ഒരിക്കലും കരയാൻ നിൽക്കരുത്. ബി സ്ട്രോങ്. നിൻ്റെ കൂടെ നിൻ്റെ ഭർത്താവുണ്ട്. അയാൾ സംസാരിച്ചോളും നിനക്ക് വേണ്ടി’ എന്നാണ് ഞാൻ പറഞ്ഞുകൊടുത്തത്,’ തരുൺ മൂർത്തി പറയുന്നു.