മലയാള സിനിമയിലെ മികച്ച യുവ സംവിധായകരില്‍ ഒരാളാണ് തരുണ്‍ മൂര്‍ത്തി. വെറും മൂന്ന് സിനിമകള്‍ കൊണ്ടുതന്നെ അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ് തരുണ്‍ സംവിധായക കുപ്പായമണിഞ്ഞത്. പിന്നീട് അദ്ദേഹം സൗദി വെള്ളക്ക എന്ന സിനിമയും സംവിധാനം ചെയ്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി.
ഈ രണ്ട് സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമായിരുന്നു തുടരും. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും മികച്ച രീതിയില്‍ ആഘോഷിച്ച സിനിമയായി മാറാന്‍ തുടരുമിന് കഴിഞ്ഞു.
ഇപ്പോള്‍ തന്റെ സിനിമ സ്‌റ്റൈലിനെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ഒരു ക്ലാസ്സിക് ഫിലിം മേക്കര്‍ എന്ന നിലയിലേക്ക് പോകണമെങ്കില്‍ പുതിയ കാര്യങ്ങള്‍ കാണികളെ കൊണ്ട് വിശ്വസിപ്പിക്കണമെന്നും തനിക്ക് പുതിയ കാര്യങ്ങള്‍ വിശ്വസിപ്പിക്കാന്‍ കഴിയില്ലെന്നും തരുണ്‍ പറയുന്നു. താന്‍ കണ്ട കാര്യങ്ങളില്‍ നിന്നുമാത്രമാണ് തനിക്ക് സിനിമയും അതിലെ സീനുകളും ഉണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നും തരുണ്‍ പറഞ്ഞു.
തനിക്കൊരിക്കലും ആമേന്‍ പോലൊരു സിനിമയുണ്ടാക്കാന്‍ കഴിയില്ലെന്നും തിയേറ്ററില്‍ കണ്ട് ഞെട്ടിയ ചിത്രമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലത്തെന്നെയാണ് ചുരുളിയെന്ന സിനിമയെന്നും ആ സിനിമകളുടെയെല്ലാം തിങ്കിങ് പ്രോസസ് വേറെയാണെന്നും തരുണ്‍ വ്യക്തമാക്കി. കാര്‍ത്തിക് സൂര്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ഒരു ക്ലാസ്സിക് ഫിലിം മേക്കര്‍ എന്ന നിലയിലേക്ക് പോകണമെങ്കില്‍ പുതിയ കാര്യങ്ങള്‍ കാണികളെ കൊണ്ട് വിശ്വസിപ്പിക്കണം. എനിക്ക് പുതിയ കാര്യങ്ങള്‍ വിശ്വസിപ്പിക്കാന്‍ കഴിയില്ല. ഞാന്‍ കണ്ട കാര്യങ്ങളിലൂടെ മാത്രമേ എനിക്ക് സിനിമയുണ്ടാക്കാന്‍ കഴിയുകയുള്ളു.
എനിക്കൊരിക്കലും ആമേന്‍ പോലൊരു സിനിമയുണ്ടാക്കാൻ കഴിയില്ല. ഞാന്‍ തിയേറ്ററില്‍ കണ്ട് ഞെട്ടിയ സിനിമയാണ് ആമേന്‍. അതുപോലെതന്നെയാണ് ചുരുളിയും. അത് എന്തൊരു ലോകമാണ്. അങ്ങനെ ചിന്തിക്കാന്‍ ഏതൊക്കെ പ്രോസസിലൂടെയാണ് പോകേണ്ടത്, അതൊന്നും എനിക്കറിയില്ല. അങ്ങനെ ഒരു ഇമാജിനേഷനിലൂടെയല്ല ഞാന്‍ സിനിമ ചെയ്യുന്നത്.
ഞാന്‍ കണ്ട കാഴ്ചകളിലൂടെയാണ് സിനിമ ചെയ്യുന്നത്. ഓരോ സീനും ചെയ്യുന്നത്. അരി തിളക്കുന്നതും ചക്ക വെട്ടുന്നതുമെല്ലാം നമ്മുടെ വീട്ടില്‍ എല്ലാം നടക്കുന്നതല്ലേ, അതുകൊണ്ടുതന്നെ അതൊക്കെ കാണുമ്പോള്‍ ആളുകള്‍ കൂടുതല്‍ വിശ്വസിക്കും,’ തരുണ്‍ മൂര്‍ത്തി പറയുന്നു.