സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍മൂര്‍ത്തി. ഏറെ നിരൂപക പ്രശംസയും അവാര്‍ഡുകളും സ്വന്തമാക്കിയ ചിത്രമായിരുന്നു 2020 ല്‍ പുറത്തിറങ്ങിയ സൗദി വെള്ളക്ക. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തുടരും റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചരിത്ര വിജയം നേടിയിരിക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇപ്പോള്‍ ട്രാഫിക്, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. എക്കാലത്തെയും മലയാള സിനിമയുടെ ചരിത്രം മാറ്റിയ സിനിമയാണ് ട്രാഫിക് എന്നും ഇങ്ങനെയും സിനിമ ചെയ്യാന്‍ കഴിയുമോ തിരക്കഥ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് നമ്മളെ ചിന്തിപ്പിച്ച ചിത്രമാണ് ട്രാഫിക്കെന്നും അദ്ദേഹം പറയുന്നു.
സിനിമയില്‍ മറ്റൊരു ടേണിങ് പോയിന്റായിരുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയയെന്നും തന്റെ മനസ് നിറച്ച ചിത്രമാണ് അതെന്നും തരുണ്‍ പറയുന്നു. സന്തോഷം കൊണ്ടും കണ്ണ് നിറച്ച് മനസ് നിറയ്ക്കാം എന്നൊരു അനുഭൂതി എനിക്ക് ആദ്യമായി തന്ന സിനിമയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘മലയാള സിനിമയുടെ എക്കാലത്തെയും ചരിത്രം മാറ്റിയ സിനിമയായിരുന്നു ട്രാഫിക്. ആ സിനിമ കാണുമ്പോള്‍ ഇങ്ങനെയും സിനിമ ചിന്തിക്കാന്‍ പറ്റുമോ. ഇങ്ങനെയും തിരക്കഥ ഉണ്ടാക്കാന്‍ പറ്റുമോ എന്ന ഒരു വലിയ പാഠം അവിടെ തുറന്ന് വന്നു.
പിന്നെ ഒരു ടേണിങ് പോയിന്റായിരുന്ന സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. ആ സിനിമ കണ്ടിട്ട് അതിന്റെ അവസാനം എന്റെ മനസ് നിറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞു. അന്ന് ആരെങ്കിലും എന്നെ കുത്തി നോവിച്ചിട്ടോ ആ കഥാപാത്രങ്ങള്‍ കരഞ്ഞിട്ടോ ഒന്നുമല്ല. സന്തോഷം കൊണ്ടും മനസ് നിറച്ച് കണ്ണ് നിറക്കാന്‍ പറ്റുമെന്നൊരു ഫീല്‍ എനിക്ക് ആ സിനിമ ആദ്യം തന്നു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content highlight: Tharun Moorthy is talks about the films Taffic and Sudani from Nigeria.