എന്റെ അച്ഛനുണ്ടായ പോലുള്ള അനുഭവം ഒരു ആര്‍ട്ടിസ്റ്റിനും ഉണ്ടാകരുത്: തരുണ്‍ മൂര്‍ത്തി
Entertainment
എന്റെ അച്ഛനുണ്ടായ പോലുള്ള അനുഭവം ഒരു ആര്‍ട്ടിസ്റ്റിനും ഉണ്ടാകരുത്: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 3:29 pm

തുടരും എന്ന സിനിമയില്‍ സി.പി.ഒ സുധീഷിന്റെ അച്ഛനായി എത്തി മികച്ച പ്രകടനം നടത്തിയ വ്യക്തിയാണ് തരുണ്‍ മൂര്‍ത്തിയുടെ അച്ഛന്‍ മധു മൂര്‍ത്തി. സുധീഷിന്റെ സഹോദരിയുടെ കല്യാണ ദിവസം ആ വീട്ടില്‍ നടക്കുന്ന ഒരു രംഗത്തില്‍ മോഹന്‍ലാലുമായി ഒരു കോമ്പിനേഷന്‍ സീനും അദ്ദേഹത്തിന് നല്‍കിയിരുന്നു. ഷണ്മുഖന്റെ കുശലാന്വേഷണത്തോട് ദേഷ്യത്തോടെ പ്രതികരിക്കുന്ന അച്ഛന്‍ കഥാപാത്രത്തെ മികച്ചതാക്കാനും അദ്ദേഹത്തിന് സാധിച്ചു.

തന്റെ അച്ഛനുണ്ടായിരുന്ന ഒരു ട്രോമയെ കുറിച്ച് മുമ്പ് തരുണ്‍ മൂര്‍ത്തി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സെറ്റില്‍ ഒരു ആര്‍ട്ടിസ്റ്റിനെയും താന്‍ മറ്റുള്ളവരെ കൊണ്ട് വഴക്കു പറയിക്കില്ലെന്ന് പറയുകയാണ് തരുണ്‍.

തന്റെ അച്ഛനെ സെറ്റില്‍ നിന്നും വഴക്ക് പറഞ്ഞുവെന്ന് ഡയറക്ഷന്‍ ടീമിലുള്ളവര്‍ പറഞ്ഞാണ് താന്‍ അറിയുന്നതെന്നും ആ നിമിഷത്തില്‍ താനൊരു കാര്യം തീരുമാനിച്ചുവെന്നും തരുണ്‍ പറയുന്നു. തന്റെ സെറ്റില്‍ നിന്ന് ഒരു ആര്ട്ടിസ്റ്റിനെയും മറ്റുള്ളവരെ കൊണ്ട് വഴക്ക് പറയിക്കാറില്ലെന്നും എത്ര വലിയ സീനിയറായ വ്യക്തിയാണെങ്കിലും അത് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിസ്റ്റുകളാണ് നമ്മുടെ പ്രൈമറിയായിട്ടുള്ളവരെന്നും ബാക്കിയെല്ലാം സെക്കന്‍ഡറിയാണെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ത്തിക് സൂര്യയുടെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ഡയറക്ഷന്‍ ടീമില്‍ നിന്ന് എന്റെ അച്ഛന്‍ അങ്ങനെയൊരു എക്‌സപീരിയന്‍സ് ഉണ്ടായി എന്ന് ഞാന്‍ അറിയുകയാണ്. അതിന് ശേഷം അല്ലെങ്കില്‍ ആ ഒരു മൊമെന്റില്‍ നിന്ന് എന്റെ സെറ്റില്‍ നിന്ന് ഒരു ആര്‍ട്ടിസ്റ്റിനെയും ഒരാളെ കൊണ്ടും ഞാന്‍ വഴക്ക് പറയിക്കില്ല. എത്ര എക്‌സ്പീരിയന്‍സ് ഉണ്ടെങ്കിലും, ക്യാമറ ചെയ്യുന്ന ഷാജി ചേട്ടനാണെങ്കിലും ആരാണെങ്കിലും അങ്ങനെയാണ്.

കാരണം നമ്മള്‍ അവരെ കൃത്യമായിട്ട് ക്യാപ്ച്ചര്‍ ചെയ്താലെ നമുക്ക് നല്ല എക്‌സ്പീരിയന്‍സ് കിട്ടുകയുള്ളു. സെക്കന്‍ഡറിയാണ് ബാക്കിയെല്ലാം. പ്രെമറി എന്ന് പറയുന്നത് ആര്‍ട്ടിസ്റ്റുകളാണ്. അതുകൊണ്ട് ഞാന്‍ എന്റെ ഫിലിം സെറ്റുകളില്‍, എന്റെ ഫിലിം മേക്കിങ് പ്രോസസുകളില്‍ ഒരു ആര്‍ട്ടിസ്റ്റിനെയും അങ്ങനെയൊരു ട്രോമയില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ എന്തെങ്കിലും വന്നാല്‍ ഞാന്‍ അവരോടെ കയര്‍ക്കാറുള്ളു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun moorthy about artists  mindset