ബോക്‌സ് ഓഫീസിനെ 'തല്ലിത്തകര്‍ത്ത്' തല്ലുമാല; ഇതുവരെ നേടിയത്
Entertainment news
ബോക്‌സ് ഓഫീസിനെ 'തല്ലിത്തകര്‍ത്ത്' തല്ലുമാല; ഇതുവരെ നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 6:22 pm

 

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഓളമാണ് ചിത്രം സൃഷ്ടിക്കുന്നത്. ടൊവിനോയുടെ എക്കാലത്തേയും മികച്ച ഹിറ്റിലേക്കാണ് ഈ ഇടിപ്പടം നടന്നുകയറുന്നത്.

ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം മൂന്നര കോടിയിലേറെ രൂപ കളക്ഷന്‍ കിട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആദ്യ ദിനം തന്നെ ചിത്രം നിശ്ചയിച്ച ഷോകള്‍ക്ക് പുറമെ നിരവധി സ്‌പെഷ്യല്‍ ഷോകളും കളിച്ചിരുന്നു. ടൊവിനോ തോമസ് ചിത്രങ്ങളില്‍ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു തല്ലുമാല.

വരും ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ തന്നെ നേടുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തലുകള്‍. ഇപ്പോഴിതാ നാല് ദിവസം കഴിഞ്ഞപ്പോള്‍ മുപ്പത് കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം. ഇതോടെ ടൊവിനോയുടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ കയറിയിരിക്കുകയാണ് തല്ലുമാല.

റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ ചിത്രം നേടിയത് 30.5 കോടി രൂപയാണ്. സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ നിന്ന് 2.85 കോടി രൂപ നേടാന്‍ തല്ലുമാലക്ക് സാധിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്നായി വസീമും സംഘവും നേടിയത് നാല് കോടി രൂപയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 13.85 കോടി രൂപ പെട്ടിയിലാക്കാന്‍ ചിത്രത്തിന് സാധിച്ചു.

മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ലുക്മാന്‍, ചെമ്പന്‍ വിനോദ്, ഓസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, ഗോകുലന്‍, ബിനു പപ്പു, ജോണി ആന്റണി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വിഷ്ണു വിജയ് മ്യൂസിക് ചെയ്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്. ചിത്രത്തിലെ ഫൈറ്റിനും മ്യൂസിക്കിനും ഒരുപാട് ആരാധകര്‍ ഇപ്പോള്‍ തന്നെയുണ്ട്.

Content Highlight: ThalluMaala Crosses 30 crores in boxoffice