2022ല്‍ ഇതിലും ഭാഗ്യം കെട്ട പ്ലെയറിനെ കാണിച്ചു തരുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ; കോഹ്‌ലിയേക്കാള്‍ നിര്‍ഭാഗ്യവാനും ഇവിടെ തന്നെ ഉണ്ട്
Sports News
2022ല്‍ ഇതിലും ഭാഗ്യം കെട്ട പ്ലെയറിനെ കാണിച്ചു തരുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ; കോഹ്‌ലിയേക്കാള്‍ നിര്‍ഭാഗ്യവാനും ഇവിടെ തന്നെ ഉണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th August 2022, 5:12 pm

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് 2022 വളരെ നല്ല വര്‍ഷം തന്നെയായിരുന്നു. ഐ.പി.എല്ലില്‍ പുതിയ രണ്ട് ടീമുകളെ ഉള്‍പ്പെടുത്തിയതും, ഐ.പി.എല്‍ മീഡിയ ലേലം വഴി ശതകോടികള്‍ കൊയ്തതും എല്ലാത്തിലുമുപരി തുടര്‍ച്ചയായ പരമ്പര വിജയകങ്ങളുമായി ഇന്ത്യ തകര്‍ത്തുകളിച്ച വര്‍ഷമായിരുന്നു 2022.

എന്നാല്‍ 2022 പല ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ചും മോശം കാലഘട്ടമായിരുന്നു. വിരാട് കോഹ്‌ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഫോം ഔട്ടായതിന്റെ പേരില്‍ നിരവധി പഴി കേള്‍ക്കേണ്ടി വന്നതുമുതല്‍ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന് ശേഷം ബി.സി.സി.ഐ പ്ലേറ്റ് തിരിച്ച ശിഖര്‍ ധവാന്‍ വരെയെത്തി നില്‍ക്കുന്നു ഇന്ത്യയിലെ അണ്‍ലക്കി പ്ലെയേഴ്‌സിന്റെ പട്ടിക.

എന്നാല്‍, ഇതിനേക്കാളേറെ നിര്‍ഭാഗ്യം തുണച്ച മറ്റൊരു താരവും ഇന്ത്യന്‍ ടീമിലുണ്ട്. ടീമിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ വാഷിങ്ടണ്‍ സുന്ദറാണ് നിര്‍ഭാഗ്യവാന്‍മാരുടെ പട്ടികയിലെ പ്രധാനി.

2022ല്‍ പരിക്ക് ഇത്രത്തോളം അലട്ടിയ, പരിക്ക് കാരണം ഇത്രത്തോളം മത്സരം നഷ്ടപ്പെട്ട ഒരു താരവുമുണ്ടാകാനിടയില്ല. ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ ടീമിലുള്‍പ്പെട്ടിട്ടും പരിക്ക് വില്ലനായതോടെ ടീമില്‍ നിന്നും പുറത്താവേണ്ടി വന്ന താരമാണ് സുന്ദര്‍.

ജനുവരി തൊട്ടിങ്ങോട്ട് നിരവധി മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടും കൊവിഡ് മൂലം താരത്തിന് ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നു. എന്നാല്‍ ആരോഗ്യം വീണ്ടെടുത്ത് ഫെബ്രുവരിയില്‍ തിരികെ ടീമിലെത്തിയതിന് ശേഷം പരിക്കേറ്റതോടെ വീണ്ടും പണി കിട്ടുകയായിരുന്നു.

ഫെബ്രുവരിയില്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ഏകദിനത്തില്‍ കളിച്ചെങ്കിലും ഹാംസ്ട്രിങ് ഇന്‍ജുറിക്ക് പിന്നാലെ ടി-20 പരമ്പരയില്‍ നിന്നും പുറത്താവുകയായിരുന്നു.

ഐ.പി.എല്ലില്‍ തരക്കേടില്ലാത്ത രീതിയില്‍ പന്തെറിഞ്ഞ് ഒരു ബൗളിങ് ഓള്‍ റൗണ്ടര്‍ എന്ന പേരില്‍ സെലക്ടര്‍മാരുടെ കണ്ണിലുടക്കിയപ്പോഴായിരുന്നു അടുത്ത പരിക്ക് താരത്തേടിയെത്തുന്നത്.

ഇതിന് പിന്നാലെ ഐ.പി.എല്ലിലെ ബാക്കി മത്സരം കൂടി നഷ്ടമായപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള സാധ്യതയും ഇല്ലാതായി.

എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത്, കൗണ്ടിയില്‍, മാരക ഫോമിലാണ് താരം കളിക്കുന്നത്. അപ്പോഴാണെങ്കില്‍ പരിക്കുമില്ല ഫോം ഔട്ടുമില്ല. ആ പ്രകടനം കണ്ട് സെലക്ടര്‍മാര്‍ ടീമിലെടുത്താല്‍, എങ്ങുമില്ലാത്ത പരിക്ക് പെട്ടന്ന് കയറി വരികയും ചെയ്യും.

ഇന്ത്യ – സിംബാബ്‌വേ പരമ്പരയില്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ഇതുവരെ ഒരു കുഴപ്പവുമില്ലാതെ പോയ്‌ക്കൊണ്ടിരുന്ന കൗണ്ടിയില്‍ നിന്ന് തന്നെ താരത്തിന് പണി കിട്ടിയിരിക്കുന്നത്.

മുതുകിനേറ്റ പരിക്കാണ് താരത്തെ ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചിരിക്കുന്നത്. യുവതാരം ഷഹബാസ് അമനാണ് സുന്ദറിന്റെ സ്ഥാനത്തേക്ക് ബി.സി.സി.ഐ തെരഞ്ഞെടുത്തിരിക്കുന്നത്.

അക്‌സര്‍ പട്ടേല്‍ ഒരു ബാക്ക് അപ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഒരു സ്ലോട്ട് ഉറപ്പിച്ചിരിക്കുകയാണ്. ആ സ്ഥാനത്തേക്ക് അക്‌സറിന് ഏറ്റവും കൂടുതല്‍ മത്സരം നല്‍കാന്‍ സാധ്യത കല്‍പിച്ചിരുന്ന വാഷിങ്ടണ്ണിനാവട്ടെ കളിക്കാന്‍ അവസരം കിട്ടുമ്പോഴെല്ലാം തന്നെ എട്ടിന്റെ പണിയും കിട്ടിക്കൊണ്ടേയിരിക്കുകയാണ്.

Content Highlight: Washington Sunder, The most unlucky player in 2022