ദളപതി67 പൂജ വീഡിയോയില്‍ താരമായി തൃഷ; ലോകേഷിന് നന്ദി പറഞ്ഞ് 90s കിഡ്‌സ്
Entertainment
ദളപതി67 പൂജ വീഡിയോയില്‍ താരമായി തൃഷ; ലോകേഷിന് നന്ദി പറഞ്ഞ് 90s കിഡ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st February 2023, 7:49 pm

ലോകേഷ് കനകരാജ്-വിജയ് ചിത്രത്തിനായി ദക്ഷിണേന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പിന്നെ അപ്‌ഡേറ്റുകളുടെ കുത്തൊഴുക്കായിരിക്കാമെന്ന സംവിധായകന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കികൊണ്ടാണ് കഴിഞ്ഞ ദിവസം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തിയത്.

സഞ്ജയ് ദത്തും അര്‍ജുനും പ്രിയ ആനന്ദും മന്‍സൂര്‍ അലി ഖാനും മിഷ്‌കിനും സാന്‍ഡിയും തുടങ്ങി മലയാളി താരം മാത്യു തോമസ് വരെ എത്തിനില്‍ക്കുന്ന താരനിരയില്‍ ആരാധകരുടെ ഹൃദയം കീഴടക്കിയത് വിജയ്‌ക്കൊപ്പം നായികയായി തൃഷയെത്തുന്നു എന്ന വാര്‍ത്തയായിരുന്നു.

കുരുവി എന്ന സിനിമയിലാണ് വിജയ്‌യും തൃഷയും ഒടുവില്‍ ഒന്നിച്ചഭനിയച്ചത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രണയജോഡികളായി ഇരുവരുമെത്തുമ്പോള്‍ ഗില്ലിയും തിരുപ്പാച്ചിയുമെല്ലാം പ്രേക്ഷകരുടെ മനസില്‍ ഓടിയെത്തുന്നുണ്ട്.

ദളപതി 67ന്റെ പൂജയുടെ വീഡിയോ പുറത്തുവന്നപ്പോള്‍ ആരാധകരെ ഏറ്റവും സന്തോഷിപ്പിച്ചതും തൃഷയുടെ എന്‍ട്രി തന്നെയായിരുന്നു. വിജയ്-തൃഷ ജോഡികളെ തിരികെയെത്തിച്ചതിന് ലോകേഷ് കനകരാജിനോട് 90s കിഡ്‌സ് നന്ദി പറയുന്നുവെന്നാണ് കമന്റുകള്‍.

നേരത്തെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം ഇരു അഭിനേതാക്കളുടെയും മികച്ച ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ഏറെ അഭിനന്ദനം നേടിയിരുന്നു. ആ അഭിനയമുഹൂര്‍ത്തങ്ങള്‍ ഒരിക്കല്‍ കൂടി കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമന്റുകളിലുണ്ട്.

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രം എസ്.എസ് ലളിത് കുമാറും ജഗദീഷ് പളനി സ്വാമിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം.

2023 ഒക്ടോബറില്‍ ദളപതി 67 റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചെന്നൈയിലും കശ്മീരുമായിരിക്കും പ്രധാന ലൊക്കേഷനുകളെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസാണ് വിജയ്‌യുടെ ഏറ്റവുമൊടുവിലിറങ്ങിയ ചിത്രം. ജനുവരി പതിനൊന്നിന് പൊങ്കല്‍ റിലീസായെത്തിയ വാരിസില്‍ യോഗി ബാബു, ശരത് കുമാര്‍, പ്രകാശ് രാജ്, ജയസുധ, പ്രഭു, രശ്മിക മന്ദാന എന്നിവരയായിരുന്നു വാരിസില്‍ പ്രധാന വേഷത്തിലെത്തിയത്. കുടുംബ പശ്ചാത്തലത്തിലുള്ള മാസ് എന്റര്‍ടെയ്‌നറായിരുന്നു വാരിസ്.

Content Highlight: Thalapathy 67 movie Pooja video out, fans are happy to see Vijay and Trisha together