ആ നടന് അഞ്ഞൂറാനാവാന്‍ ആഗ്രഹമുണ്ടായിരുന്നു, അദ്ദേഹം ചെയ്തിരുന്നെങ്കില്‍ ഫ്‌ളോപ്പ് ആയേനേ, കിട്ടാത്തതുകൊണ്ട് പിണക്കമായി: സിദ്ദീഖ്
Film News
ആ നടന് അഞ്ഞൂറാനാവാന്‍ ആഗ്രഹമുണ്ടായിരുന്നു, അദ്ദേഹം ചെയ്തിരുന്നെങ്കില്‍ ഫ്‌ളോപ്പ് ആയേനേ, കിട്ടാത്തതുകൊണ്ട് പിണക്കമായി: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st February 2023, 7:40 pm

സിദ്ദീഖ്-ലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ്  ഗോഡ്ഫാദര്‍. എന്‍.എന്‍. പിള്ള, ഫിലോമിന, മുകേഷ്, ജഗദീഷ്, കനക, തിലകന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ ചിത്രം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. 1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു.

സിനിമയില്‍ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് അഞ്ഞൂറാന്‍. അഞ്ഞൂറാന്‍ എന്ന കഥാപാത്രം ചെയ്യാന്‍ എന്‍.എഫ്. വര്‍ഗീസ് ആഗ്രഹിച്ചിരുന്നു എന്ന് പറയുകയാണ് സിദ്ദീഖ്. കഥാപാത്രത്തെ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് തങ്ങളോട് പരിഭവം ഉണ്ടായിരുന്നതായി സിദ്ദീഖ് പറഞ്ഞു. എന്നാല്‍ അഞ്ഞൂറാനെ പോലൊരു കഥാപാത്രത്തെ പരീക്ഷിക്കാനാവില്ലെന്നും വര്‍ഗീസ് ചെയ്തിരുന്നെങ്കില്‍ ചിത്രം ഫ്‌ളോപ്പാകുമായിരുന്നുവെന്നും ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.

‘വര്‍ഗീസ് മരിച്ച് പോയി. പറയാന്‍ പാടില്ലാത്തതാണ് എന്നാലും പറയുകയാണ്. വര്‍ഗീസിന് ഞങ്ങളുമായി പരിഭവമുണ്ടായിരുന്നു. അഞ്ഞൂറാനായിട്ട് വര്‍ഗീസിന് അഭിനയിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അത് ഏറ്റവും വലിയ ഒരു ഫ്ളോപ് ആയിരുന്നേനെ. അഞ്ഞൂറാനെ പോലെ ഒരു കഥാപാത്രത്തെ പരീക്ഷിക്കാന്‍ പറ്റില്ല. അത് പറഞ്ഞാല്‍ മനസിലാവില്ല. എന്‍.എന്‍. പിള്ളക്ക് പകരം ഇപ്പോഴും മറ്റൊരാളെ ചിന്തിക്കാനാവില്ല.

വര്‍ഗീസ് ഇന്ന് ഉണ്ടായിരുന്നെങ്കിലും അഞ്ഞൂറാനായി അഭിനയിക്കാന്‍ പറ്റില്ല. പറഞ്ഞാല്‍ മനസിലാവണ്ടേ. ആ ക്യാരക്ടര്‍ നമ്മുടെ മനസിലല്ലേയുള്ളത്. ക്യാരക്ടറിന്റെ ഡെപ്ത്ത് എന്താണെന്നും അയാളുടെ ഒരു പവറെന്താണെന്നും നമ്മുടെ മനസിലാണുള്ളത്. അത് അവര്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല. അതാണ് പലപ്പോഴും അവര്‍ നമ്മളോട് പരിഭവം പറയുന്നത്,’ സിദ്ദീഖ് പറഞ്ഞു.

Content Highlight: siddique about godfather and nf varghese