പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാടകീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ രഘോപൂരില്‍ നിന്നും മൂന്നാമതും വിജയം കൊയ്ത് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.
മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട തേജസ്വി 14,532 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ സതീഷ് കുമാറിനെ പരാജയപ്പെടുത്തിയത്.
തുടക്കത്തില്‍ സതീഷ് കുമാര്‍ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും അവസാന ലാപ്പുകളില്‍ തേജസ്വി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. നിരവധി തവണ തേജസ്വി പിന്നോട്ട് പോയതോടെ സതീഷ് കുമാര്‍ വിജയിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകളും കാറ്റില്‍പ്പറത്തി തേജസ്വി യാദവ് അന്തിമ വിജയം നേടുകയായിരുന്നു.
2015 മുതല്‍ തുടര്‍ച്ചയായി തേജസ്വിയാണ് രഘോപൂര്‍ മണ്ഡലം കൈവശം വെച്ചിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നുതവണയും തേജസ്വിയോട് തോറ്റതും സതീഷ് കുമാര്‍ തന്നെ.
2010ല്‍ സതീഷ് കുമാര്‍ ജനതാദള്‍ യുണൈറ്റഡ് ടിക്കറ്റില്‍ മത്സരിച്ച് ആര്‍.ജെ.ഡി നേതാവ് റാബ്‌റി ദേവിയെ പരാജയപ്പെടുത്തിയിരുന്നു.
മുന്‍മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയും തേജസ്വി യാദവിന്റെ മാതാവുമായ റാബ്‌റി ദേവിക്ക് എതിരായ വിജയത്തോടെ സതീഷ് കുമാറിന്റെത് മാജിക്ക് ആണെന്ന വിശേഷണവും ലഭിച്ചിരുന്നു.
അതേസമയം, ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വി വിജയം നേടിയപ്പോള്‍ മറ്റൊരു മകനായ തേജ് പ്രതാപ് യാദവ് കനത്തതോല്‍വി ഏറ്റുവാങ്ങി.
ആര്‍.ജെ.ഡിയില്‍ പുറത്താക്കപ്പെട്ടതോടെ ജനശക്തി ജനതാദള്‍ (ജെ.ജെ.ഡി) പാര്‍ട്ടി രൂപീകരിച്ച് മഹുവ മണ്ഡലത്തില്‍ നിന്നും മത്സരിച്ച തേജ് പ്രതാപ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ എല്‍.ജെ.പിയുടെ സ്ഥാനാര്‍ത്ഥി സഞ്ജയ് കുമാര്‍ സിങ്ങാണ് വിജയിച്ചത്.
87641 വോട്ടുകളാണ് സഞ്ജയ് കുമാര്‍ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ആര്‍.ജെ.ഡിയുടെ സ്ഥാനാര്‍ത്ഥി മുകേഷ് കുമാര്‍ റൗഷാന്‍ 42,644 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തുള്ള തേജ് പ്രതാപിന് 35,703 വോട്ടുകളാണ് ലഭിച്ചത്. 2020ല്‍ ഹസന്‍പൂരില്‍ നിന്നും മത്സരിച്ച് തേജ് പ്രതാപ് 20,000ലേറെ വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.
Content Highlight: Satish’s magic didn’t work; Tejashwi Yadav wins Raghopur for the third time; Tej Pratap suffers heavy defeat